
മലപ്പുറം: ചികിത്സയ്ക്കെന്ന വ്യാജേന ആശുപത്രിയിലെത്തിയ യുവാവ് യുവതിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന പരാതിയിൽ അറസ്റ്റിൽ. മാടശേരി കൊമ്പൻ സജീറിനെയാണ് വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വാണിയമ്പലത്തെ ആശുപത്രിയിൽ കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ സജീർ അവിടെവച്ച് യുവതിയുമായി അടുപ്പം സ്ഥാപിക്കാൻ ശ്രമിച്ചെന്നാണ് പരാതി.
ഇതിനിടെ യുവതിയെ കയറിപ്പിടിച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തിൽ അസ്വസ്ഥയായ യുവതി വിവരം ആശുപത്രി അധികൃതരെ അറിയിക്കുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വണ്ടൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നാലെ പ്രതിയുടെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് സജീറിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവസ്ഥലത്തെ സാഹചര്യങ്ങളും പൊലീസ് പരിശോധിച്ചു. കേസിൽ തുടർ അന്വേഷണം പുരോഗമിക്കുകയാണ്.