
പതിവുപോലെ പുലർച്ചെ ബസ് പുറപ്പെടാൻ തയ്യാറായി. ഡ്രൈവർ സീറ്റിൽ കയറിയ ആദർശ് റിയർവ്യൂ കണ്ണാടിയിലൂടെ പിന്നിലേക്ക് നോക്കി. അവിടെ കണ്ടത് മറ്റൊരു കണ്ടക്ടറെയല്ല, സ്വന്തം അച്ഛനെയാണ്. തോളിൽ കണ്ടക്ടർ ബാഗുമായി ഗിരീശൻ തയ്യാറായി നിൽക്കുന്നു.”അച്ഛാ, റെഡിയല്ലേ?”, മകന്റെ ചോദ്യം കേട്ട് ഗിരീശൻ ചിരിച്ചു. ”റെഡിയാണ് മോനേ…”, ബെൽ കോർഡിൽ രണ്ടുവട്ടം വലിച്ചു. ആനവണ്ടി പതുക്കെ മുന്നോട്ടുനീങ്ങി. ഡ്രൈവിങ് സീറ്റിൽ മകൻ, കണ്ടക്ടറായി അച്ഛൻ. കെഎസ്ആർടിസിയുടെ പതിവ് യാത്രയ്ക്കിടയിൽ പിറന്നത് അച്ഛനും മകനും ഒരുമിച്ച് ജോലി ചെയ്ത അപൂർവ നിമിഷങ്ങൾ.
കൽപ്പറ്റ ഡിപ്പോയിൽനിന്ന് പുലർച്ചെ 5:30ന് തൃശൂരിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസിലായിരുന്നു 53കാരനായ തുറുപറമ്പിൽ ഗിരീശനും മകൻ ആദർശും ഒരുമിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്നത്. 28 വർഷമായി കെഎസ്ആർടിസിയിൽ ജോലി ചെയ്യുന്ന ഗിരീശന് മകനൊപ്പം അതേ ബസിൽ ഡ്യൂട്ടി ചെയ്യുന്നത് ഏറെ അഭിമാനകരമായ അനുഭവമായി
താൽക്കാലിക ഡ്രൈവറായി കെഎസ്ആർടിസിയിൽ ജോലി ചെയ്യുന്ന ആദർശിന് അച്ഛന്റെ കൂടെയുള്ള ആദ്യ ഡ്യൂട്ടിയായിരുന്നു ഇത്. ഇതുവരെ അച്ഛനെ കണ്ടത് വീട്ടിലെ അച്ഛനായും കെഎസ്ആർടിസിയുടെ കാക്കി വേഷത്തിലുള്ള ജീവനക്കാരനായുമായിരുന്നു. എന്നാൽ അന്ന് യാത്രക്കാർക്കു മുന്നിൽ സ്റ്റിയറിങ്ങിൽ മകനും പിന്നിൽ ടിക്കറ്റ് മെഷീനുമായി അച്ഛനും. ബസിൽ ടിക്കറ്റ് നൽകുന്നതിനിടെ പരിചയമുള്ള യാത്രക്കാർ ഗിരീശനോട് കാര്യം തിരക്കി. ”മോനാണല്ലേ വണ്ടിയോടിക്കുന്നത്?” എന്ന ചോദ്യത്തിന് ഗിരീശന്റെ മറുപടി ചിരിയായിരുന്നു.
യാത്രയ്ക്കിടെ അച്ഛനും മകനും തമ്മിലുള്ള ചെറിയ സംഭാഷണങ്ങളും ജോലിയുടെ തിരക്കിനിടയിലെ നോട്ടങ്ങളും യാത്രക്കാരുടെ ശ്രദ്ധ നേടി. ഡ്രൈവർ സീറ്റിൽ നിന്ന് മകന്റെ ശ്രദ്ധ റോഡിൽ നിന്ന് തെറ്റുന്നില്ലെന്ന് ഉറപ്പാക്കുമ്പോൾ പിന്നിൽ നിന്ന് യാത്രക്കാരുടെ ടിക്കറ്റുകളും മറ്റ് ചുമതലകളും നോക്കുകയായിരുന്നു ഗിരീശൻ. വർഷങ്ങളായി താൻ പരിചയിച്ച കെഎസ്ആർടിസി ബസിന്റെ മറ്റൊരു ഭാഗത്ത് തന്റെ മകൻ ഉത്തരവാദിത്തത്തോടെ ജോലി ചെയ്യുന്നത് കാണുന്നത് അച്ഛന് അഭിമാന നിമിഷമായി.