
തിരുവനന്തപുരം: ഡൽഹി പൊലീസ് പിണറായി വിജയനെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ വിയോജിപ്പറിയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. പൊലീസ് നടപടിയെ ശക്തമായി അപലപിക്കുന്നതായും പിണറായി വിജയനെ കസ്റ്റഡിയിൽ വച്ചതിൽ ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലായിരുന്നു പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിൽ പാർപ്പിച്ചിരുന്നത്. ഇവരുടെ മോചനത്തിനായുള്ള നടപടികൾ ഏകോപിപ്പിക്കാൻ ചീഫ് സെക്രട്ടറിക്കും ഡൽഹിയിലെ റസിഡന്റ് കമ്മീഷണർക്കും നിർദേശം നൽകിയതായും ഡൽഹി പൊലീസ് അധികൃതരുമായി ഇവർ ബന്ധപ്പെട്ടുവരുന്നതായും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
കേരള ഹൗസിൽ നിന്ന് പ്രതിഷേധ മാർച്ചിന് പുറപ്പെടുന്നതിനിടെയാണ് പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. മൂന്നര മണിക്കൂറോളം വാഹനത്തിൽ കറക്കിയ ശേഷമാണ് മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിച്ചതെന്ന് ജോൺ ബ്രിട്ടാസ് ആരോപിച്ചു. ഭക്ഷണവും മരുന്നും ലഭിക്കുന്നതിൽ തടസ്സമുണ്ടായെന്നും നേതാക്കൾ ആരോപിച്ചിരുന്നു. സംഭവത്തിൽ ഇടപെട്ട മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയതിന് പിന്നാലെ പിണറായി വിജയനെ ഏകദേശം എട്ട് മണിക്കൂറിന് ശേഷം പൊലീസ് വിട്ടയച്ചു. സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വിജു കൃഷ്ണൻ, സി.ഐ.ടി.യു നേതാക്കൾ, എസ്.എഫ്.ഐ ദേശീയ അധ്യക്ഷൻ ആദർശ് സജി എന്നിവരെയും പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.