രോഗാണു അടങ്ങിയ ടെസ്റ്റ് ട്യൂബ് തകർന്നു; റഷ്യയിൽ പ്ലേഗ് ബാധ സംശയം; അതീവ ജാഗ്രതയിൽ യൂറോപ്യൻ യൂണിയനും അമേരിക്കയും .. ജാഗ്രതാ നിർദ്ദേശം



ബ്രസ്സൽസ് റഷ്യയിലെ സൈബീരിയയിൽ പ്ലേഗ് ബാധ സംശയിക്കുന്നതായി റിപ്പോർട്ട്. ലബോറട്ടറിയിൽ ജീവനക്കാരിയായ ഗവേഷക മരണപ്പെട്ടതിനെത്തുടർന്നാണ് സ്ഥിതിഗതികൾ യൂറോപ്യൻ യൂണിയനും അമേരിക്കയും അതീവ ഗൗരവത്തോടെ നിരീക്ഷിക്കുന്നത്. ഒക്ടോബർ 2-നാണ് ഇർകുത്സ്‌ക് റിസർച്ച് ആന്റി-പ്ലേഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ ലാബ് ജീവനക്കാരിയായ ദാര്യ ഷിപിലോവ (28) മരിച്ചത്.

പ്ലേഗ് രോഗാണു അടങ്ങിയ ടെസ് ട്യൂബ് തകർന്നതിനെത്തുടർന്നാണ് ഈ ദുരന്തം ഉണ്ടായതെന്നാണ് വിവരം. ഔദ്യോഗികമായി 'അജ്ഞാത കാരണങ്ങളാൽ വന്ന ന്യൂമോണിയ' എന്നാണ് മരണകാരണമായി രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും, ഇത് പ്ലേഗ് ബാധയാണെന്ന സംശയത്തിലാണ് രാജ്യാന്തര ഏജൻസികൾ.


സംഭവത്തെ തുടർന്ന് റഷ്യൻ ഭരണകൂടം കർശന മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മരിച്ച ഗവേഷകയുമായി അടുത്തിടപഴകിയ ഇരുനൂറോളം ആളുകളെ കർശനമായ നിരീക്ഷണത്തിലാക്കി. സംഭവത്തിൽ ആശങ്ക വേണ്ടെന്നും സ്‌ഥിതി നിയന്ത്രണത്തിലാണെന്നും റഷ്യൻ അധികൃതർ അറിയിച്ചു. എങ്കിലും ഈ സംഭവം ലോകവ്യാപകമായി വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

 സ്ഥ‌ിതിഗതികൾ വളരെ സൂക്ഷ്മ‌മായി നിരീക്ഷിച്ചുവരികയാണെന്നും അംഗരാജ്യങ്ങൾക്കിടയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തയാറാണെന്നും യൂറോപ്യൻ കമ്മിഷൻ വക്താവ് അറിയിച്ചു.
യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോളിലെ വിദഗ്ധരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

കോവിഡ് മഹാമാരിക്ക് ശേഷം ഇത്തരം സാഹചര്യങ്ങളെ നേരിടാൻ ലോകം കൂടുതൽ സജ്ജമാണെന്നും, ആവശ്യത്തിന് ആന്റിബയോട്ടിക്കുകൾ രാജ്യങ്ങളുടെ കൈവശമുണ്ടെന്നും വക്താവ് കൂട്ടിച്ചേർത്തു. ലോകാരോഗ്യ സംഘടന വഴിയാണ് റഷ്യയിൽ നിന്നുള്ള വിവരങ്ങൾ യൂറോപ്യൻ യൂണിയൻ ശേഖരിക്കുന്നത്. കൃത്യവും സുതാര്യവുമായ വിവരങ്ങൾ എത്രയും പെട്ടെന്ന് നൽകണമെന്ന് അമേരിക്കയും റഷ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം,
സംഭവത്തിൽ നിരീക്ഷണം തുടരുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. 'പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Previous Post Next Post