*തിരുവനന്തപുരം: പാർട്ടിക്കെതിരായ അപവാദ പ്രചാരണങ്ങളും വ്യാജവാർത്തകളും നിയമപരമായി നേരിടാൻ ലീഗൽ സെൽ രൂപീകരിച്ച് സിപിഐഎം. സംസ്ഥാനത്തുടനീളം 300 അഭിഭാഷകരെ ഉൾപ്പെടുത്തിയാണ് ലീഗൽ സെൽ രൂപീകരിക്കുന്നത്.
പാർട്ടിക്കും നേതാക്കൾക്കുമെതിരെ വ്യാജവാർത്തകളും അപവാദ പ്രചാരണങ്ങളും നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയാണ് ലക്ഷ്യം. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവിനാണ് ലീഗൽ സെല്ലിന്റെ ചുമതല. ഹൈക്കോടതി കേന്ദ്രീകരിച്ച് 30 അഭിഭാഷകരടങ്ങുന്ന പ്രത്യേക സംഘവും പ്രവർത്തിക്കും.
*സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ബാക്കിയുള്ള അഭിഭാഷകരെ ഉൾപ്പെടുത്തും. കോഴിക്കോട് ചേർന്ന സിപിഐഎമ്മിന്റെ വിശാല സംസ്ഥാന സമിതിയിലാണ് ലീഗൽ സെൽ രൂപീകരിക്കാൻ തീരുമാനമായത്.
പാർട്ടിക്കെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങളും അപവാദങ്ങളും പ്രതിരോധിക്കാൻ നിയമപരമായ സംവിധാനം വേണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിക്കും നേതാക്കൾക്കുമെതിരെ വലിയ തോതിൽ അപവാദ പ്രചാരണങ്ങൾ നടന്നുവെന്നും ഇത് ഒരു പരിധിവരെ വോട്ടർമാരെ സ്വാധീനിച്ചുവെന്നുമാണ് സിപിഐഎമ്മിന്റെ വിലയിരുത്തൽ.
ഇത്തരം പ്രചാരണങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനാണ് 300 അഭിഭാഷകരടങ്ങുന്ന ലീഗൽ സെല്ലിലൂടെ ലക്ഷ്യമിടുന്നത്.