കോട്ടയത്ത് തട്ടുകടകൾക്ക് കടിഞ്ഞാണിടാൻ നഗരസഭ ; 650 അപേക്ഷകളിൽ ഭൂരിഭാഗവും അയോഗ്യം : കൈയേറ്റക്കാർക്കെതിരെ നടപടിക്ക് നീക്കം




കോട്ടയം: നഗരത്തിലെ തട്ടുകടകൾക്കും വഴിയോര കച്ചവടങ്ങൾക്കും നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി കോട്ടയം നഗരസഭ.
പൊതുവഴികൾ കൈയേറിയുള്ള കച്ചവടം, ലൈസൻസില്ലാത്ത പ്രവർത്തനം, സമയപരിധി ലംഘനം, ശുചിത്വമില്ലായ്മ, ഒരാളുടെ പേരിൽ ഒന്നിലധികം കടകൾ തുടങ്ങിയ ക്രമക്കേടുകൾക്കെതിരെ ഘട്ടംഘട്ടമായി നടപടിയെടുക്കാനാണ് തീരുമാനം.

തെരുവോര കച്ചവടത്തിന്റെ പേരിൽ പൊതുസ്ഥലങ്ങൾ കൈവശപ്പെടുത്തി മറ്റുള്ളവർക്ക് വൻതുകയ്ക്ക് വാടകയ്ക്ക് നൽകുന്ന രീതിയും അവസാനിപ്പിക്കാനാണ് നഗരസഭയുടെ നീക്കം. തെരുവോര കച്ചവടത്തിന് ലൈസൻസ് അനുവദിക്കുന്നതിനായി ക്ഷണിച്ച അപേക്ഷകളിൽ 650 എണ്ണം ലഭിച്ചിരുന്നു. ഇവ പരിശോധിച്ചപ്പോൾ ഭൂരിഭാഗം അപേക്ഷകരും ലൈസൻസിന് അർഹരല്ലെന്നാണ് നഗരസഭയുടെ പ്രാഥമിക വിലയിരുത്തൽ. അർഹരല്ലാത്തവരെ ഒഴിവാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ അടുത്ത കൗൺസിൽ യോഗം അന്തിമ തീരുമാനമെടുക്കും.

അർഹരായ കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡ് നൽകിയ ശേഷമായിരിക്കും തുടർനടപടികൾ. ഒരാളുടെ പേരിൽ അഞ്ചും ആറും കടകൾ പ്രവർത്തിക്കുന്നതായും ലൈസൻസിന് അപേക്ഷിക്കുന്നവർ നേരിട്ട് കച്ചവടം നടത്താതെ ഇതര സംസ്ഥാനങ്ങളിൽ നിന്നും മറ്റു ജില്ലകളിൽ നിന്നുമുള്ള തൊഴിലാളികളെ നിയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

രാത്രി എട്ടുമുതൽ മാത്രമേ തട്ടുകടകൾ പ്രവർത്തിക്കാവൂ എന്ന നിബന്ധനയുണ്ടെങ്കിലും പല കടകളും സന്ധ്യയോടെ തന്നെ പ്രവർത്തനം ആരംഭിക്കുന്നുണ്ട്. ഇതോടെ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഫുട്പാത്തുകൾ തടസ്സപ്പെടുകയും കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യുന്നു. റോഡരികിൽ പടുതകൾ കെട്ടി പൊതുസ്ഥലം കൈയേറി കച്ചവടം വ്യാപിപ്പിക്കുന്നതും നഗരസഭയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

പല തട്ടുകടകളിലും ഭക്ഷണം പാകം ചെയ്യുന്നതും വിളമ്പുന്നതും വൃത്തിഹീനമായ സാഹചര്യങ്ങളിലാണെന്ന പരാതികളും ഉയരുന്നുണ്ട്. പാചകത്തിനുപയോഗിക്കുന്ന മേശകളും പാത്രങ്ങളും കൃത്യമായി വൃത്തിയാക്കാത്തതും പഴകിയ ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കുന്നതും പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കുന്നത്.

ആദ്യഘട്ടത്തിൽ നഗരസഭയുടെ വിവിധ സോണുകൾ കേന്ദ്രീകരിച്ചായിരിക്കും പരിശോധന. രണ്ടാംഘട്ടത്തിൽ പോലീസിന്റെ സഹായത്തോടെ നടപടി വ്യാപിപ്പിക്കും. അതേസമയം, തെരുവോര കച്ചവടം ഉപജീവനമാർഗമായി സ്വീകരിച്ചിട്ടുള്ള യഥാർഥ തൊഴിലാളികളെ സംരക്ഷിക്കുമെന്നും നഗരസഭ വ്യക്തമാക്കുന്നു.

പുതിയ നിയന്ത്രണങ്ങൾ നടപ്പിലാകുന്നതോടെ രാത്രികാല യാത്രക്കാർക്ക് ഭക്ഷണം ലഭിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാകുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്. ഒരു കടയിൽ ഒരേസമയം രണ്ടോ മൂന്നോ തൊഴിലാളികൾ മാത്രമേ പാടുള്ളൂ എന്ന തരത്തിലുള്ള നിയന്ത്രണങ്ങൾ തിരക്കേറിയ രാത്രികാലങ്ങളിൽ പ്രായോഗികമല്ലെന്നാണ് തട്ടുകട വ്യാപാരികളുടെ വാദം.

അനധികൃത കച്ചവടവും പൊതുസ്ഥല കൈയേറ്റവും തടയുന്നതിനൊപ്പം യഥാർഥ കച്ചവടക്കാരുടെ ഉപജീവനം സംരക്ഷിക്കുകയെന്നതാണ് നഗരസഭയുടെ ലക്ഷ്യം. എന്നാൽ നിയന്ത്രണങ്ങൾ എത്രത്തോളം പ്രായോഗികമായി നടപ്പാക്കാനാകുമെന്നതാണ് ഇനി നിർണായകം.
Previous Post Next Post