വെർച്വൽ ക്യൂ ബുക്ക് ചെയ്തിട്ടും ദർശനത്തിനെത്തിയില്ല… അന്വേഷണവുമായി പൊലീസ്...


പത്തനംതിട്ട: ശബരിമലയിൽ വെർച്വൽ ക്യൂ ബുക്ക് ചെയ്തിട്ടും ദർശനത്തിനെത്താത്തവരെ കേന്ദ്രീകരിച്ച് അന്വേഷണം. ബുക്കിങ് വിവരങ്ങൾ തേടി പമ്പ പൊലീസ് ദേവസ്വം ബോർഡിന് കത്ത് നൽകി. ദേവസ്വം വിജിലൻസും സൈബർ ഫൊറൻസിക് സംഘത്തിന്റെ സഹായത്തോടെ പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇന്നലെ മാത്രം വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിട്ടും ദർശനത്തിനെത്താതിരുന്നത് 23,714 പേരാണ്. ഇത്രയധികം പേർ ബുക്ക് ചെയ്തിട്ടും എത്താതിരുന്നതിന് പിന്നിലെ കാരണങ്ങൾ പരിശോധിക്കാനാണ് പൊലീസിന്റെ നീക്കം.

*ബുക്കിങ് വിവരങ്ങൾ പരിശോധിച്ച് സംഭവത്തിൽ വ്യക്തത വരുത്തുകയാണ് ലക്ഷ്യം. അതേസമയം, വെർച്വൽ ക്യൂ ബുക്കിങ്ങിലെ ദുരൂഹതകളും ദേവസ്വം വിജിലൻസ് പരിശോധിക്കുന്നുണ്ട്. സൈബർ ഫൊറൻസിക് സംഘത്തിന്റെ സഹായത്തോടെയാണ് അന്വേഷണം. ബുക്ക് ചെയ്ത ശേഷം ദർശനത്തിനെത്താത്തവർക്ക് ഈ മണ്ഡലകാലത്ത് തുടർബുക്കിങ്ങിന് നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. വെർച്വൽ ക്യൂ സംവിധാനത്തിൽ സമഗ്രമായ മാറ്റം വരുത്താനും ദേവസ്വം ബോർഡ് ഒരുങ്ങുകയാണ്. ഇനി ബുക്കിങ്ങിന് ആധാർ മാത്രമായിരിക്കും ആധികാരിക രേഖ. ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി പരിശോധനയും നിർബന്ധമാക്കും. വിദേശികൾക്ക് മാത്രമായിരിക്കും പാസ്‌പോർട്ട് ഉപയോഗിച്ച് ബുക്ക് ചെയ്യാൻ അനുമതി. ഡിസംബറിൽ പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും.

*അതിനിടെ, ശബരിമലയിലെ തീർഥാടകരുടെ എണ്ണത്തിലും വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം ആദ്യ ആറു ദിവസങ്ങളിൽ 5.10 ലക്ഷം തീർഥാടകർ എത്തിയപ്പോൾ ഇത്തവണ എത്തിയത് 2.71 ലക്ഷം പേർ മാത്രമാണ്. 2.38 ലക്ഷം പേരുടെ കുറവ്. ഏകദേശം 47 ശതമാനമാണ് ഇടിവ്. അരവണ വിൽപ്പനയിലും സമാനമായ കുറവുണ്ട്. കഴിഞ്ഞ വർഷം ആദ്യ ആറു ദിവസങ്ങളിൽ 18 ലക്ഷം ടിൻ അരവണ വിറ്റപ്പോൾ ഇത്തവണ വിറ്റത് ഒൻപത് ലക്ഷം ടിൻ മാത്രം. ഇതിലൂടെ ഏകദേശം ഒൻപത് കോടിയുടെ വരുമാനക്കുറവുണ്ടായതായാണ് കണക്ക്. നടവരവ്, അപ്പം വിൽപ്പന, അന്നദാന ഫണ്ട് എന്നിവയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
أحدث أقدم