സഹപാഠിയോട് സംസാരിച്ചതിന് അധ്യാപകരുടെ ശകാരമെന്ന് പരാതി… നിരഞ്ജന്റെ മരണത്തിൽ….



കൊല്ലം: ശൂരനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി നിരഞ്ജന്റെ (17) മരണത്തിൽ പ്രതിഷേധം ശക്തം. സ്കൂളിൽ വിദ്യാർഥികൾ ആരംഭിച്ച പ്രതിഷേധം തുടരുകയാണ്. തിങ്കളാഴ്ച രാവിലെ തുടങ്ങിയ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ വൻ പോലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. നിരഞ്ജന്റെ മരണത്തിന് പിന്നാലെ സ്കൂൾ അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തിയിരുന്നു.

സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിന്റെ പേരിൽ മറ്റ് വിദ്യാർഥികളുടെ മുന്നിൽവെച്ച് അധ്യാപകരും പ്രിൻസിപ്പലും നിരഞ്ജനോട് മോശമായി പെരുമാറിയെന്നാണ് കുടുംബത്തിന്റെ ആരോപണം. പിന്നാലെ പെൺകുട്ടിയുടെ രക്ഷിതാക്കളെ സ്കൂൾ ഓഫീസിലേക്ക് വിളിച്ചുവരുത്തിയതും കുട്ടിയെ മാനസികമായി തളർത്തിയെന്നും വീട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നുമണിയോടെയാണ് നിരഞ്ജനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവങ്ങൾ കുട്ടിയെ വലിയ മാനസിക വിഷമത്തിലാക്കിയിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. നവംബർ 23ന് നിരഞ്ജന്റെ ജന്മദിനമായിരുന്നു. ഇതിനായി പുതിയ വസ്ത്രങ്ങൾ ഉൾപ്പെടെ വാങ്ങിനൽകിയിരുന്നുവെന്നും കുട്ടി സന്തോഷവാനായിരുന്നുവെന്നും കുടുംബം പറയുന്നു. ആത്മഹത്യ ചെയ്യേണ്ട തരത്തിലുള്ള മറ്റ് പ്രശ്നങ്ങളൊന്നും കുട്ടിക്ക് ഉണ്ടായിരുന്നില്ലെന്നും വീട്ടുകാർ വ്യക്തമാക്കുന്നു. സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരായ ആരോപണങ്ങൾ ഉയർന്നതോടെ വിദ്യാർഥികളുടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

أحدث أقدم