കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നെടുമ്പാശ്ശേരിയിൽ വൻ മയക്കുമരുന്നുവേട്ട. രണ്ടരക്കിലോ ചരസുമായി യുവാവിനെ പൊലീസ് പിടികൂടി. കാസർകോട് നീലേശ്വരം ചിറപ്പുറം വെള്ളിക്കോത്ത് സ്വദേശി മുഹമ്മദ് സിറാജുദ്ദീൻ (25) ആണ് അറസ്റ്റിലായത്. പിടികൂടിയ മയക്കുമരുന്നിന് വിപണിയിൽ അഞ്ചുകോടിയോളം രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്. ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമ്പാശ്ശേരിയിലെ ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
എറണാകുളം റൂറൽ ജില്ലാ ഡാൻസാഫും നെടുമ്പാശ്ശേരി പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ഡൽഹിയിൽ നിന്നാണ് പ്രതി ചരസ് വാങ്ങിയതെന്നാണ് പൊലീസിന് നൽകിയ മൊഴി. അവിടെനിന്ന് വിമാനമാർഗം മംഗളൂരുവിലെത്തി. തുടർന്ന് ട്രെയിനിൽ തൃശൂരിലെത്തിയ ശേഷം ടാക്സിയിൽ നെടുമ്പാശ്ശേരിയിലെത്തി ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു. മയക്കുമരുന്ന് കൊച്ചി നഗരത്തിലേക്ക് കടത്താനായിരുന്നു പദ്ധതിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ചെറിയ പായ്ക്കറ്റുകളാക്കി സൂക്ഷിച്ച നിലയിലായിരുന്നു ചരസ് കണ്ടെത്തിയത്. കഞ്ചാവിന്റെ തളിരിലകളിൽനിന്ന് നിർമിക്കുന്ന അതീവ ലഹരിശേഷിയുള്ള മയക്കുമരുന്നാണ് ചരസ്. മുഹമ്മദ് സിറാജുദ്ദീൻ നേരത്തെയും മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീം, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. സി. ബിനുകുമാർ, ആലുവ ഡിവൈ.എസ്.പി. ബൈജു പൗലോസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്