മണ്ഡല പുനർനിർണയ ബില്ലിനെതിരെ പ്രതിപക്ഷം; ഇന്ത്യ സഖ്യത്തിന്റെ നിർണായക യോഗം ഇന്ന്



കേന്ദ്രസർക്കാരിന്റെ മണ്ഡല പുനർനിർണയ ബില്ലിനെതിരെ സംയുക്ത നിലപാട് രൂപീകരിക്കാൻ ഇന്ത്യ സഖ്യത്തിന്റെ നിർണായക യോഗം ഇന്ന് ചേരും. രാവിലെ 11.30ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് യോഗം. ഇന്ത്യ സഖ്യത്തിന് പുറത്തുള്ള ഡിഎംകെ, ആം ആദ്മി പാർട്ടി, ബിജു ജനതാദൾ തുടങ്ങിയ കക്ഷികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

സോണിയ ഗാന്ധിയുടെ വസതിയിൽ ഇന്നലെ ചേർന്ന കോൺഗ്രസ് പാർലമെന്ററി സ്ട്രാറ്റജി കമ്മിറ്റി യോഗത്തിൽ മണ്ഡല പുനർനിർണയ ബില്ലിനെ ശക്തമായി എതിർക്കാൻ തീരുമാനിച്ചിരുന്നു. പാർലമെന്റിലെ അംഗബലം പരിഗണിക്കാതെ ബില്ലിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് രാഹുൽ ഗാന്ധി യോഗത്തിൽ വ്യക്തമാക്കി. വനിതാ സംവരണത്തിന്റെ മറവിൽ രാഷ്ട്രീയ നേട്ടത്തിനായി മണ്ഡലങ്ങൾ പുനർനിർണയിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നു കോൺഗ്രസ് ആരോപിച്ചു.

ലോക്‌സഭയിലെ നിലവിലെ അംഗബലം നിലനിർത്തണമെന്നും നിലവിലുള്ള സീറ്റുകളിൽ 33 ശതമാനം വനിതാ സംവരണം നടപ്പാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുടെ നിലവിലെ പ്രാതിനിധ്യ അനുപാതം അടുത്ത 25 വർഷത്തേക്ക് തുടരണമെന്നുമാണ് പാർട്ടിയുടെ നിലപാട്.

അതേസമയം, പുതുക്കിയ ബില്ലിനെ പിന്തുണയ്ക്കുമെന്ന് ശരദ് പവാർ വിഭാഗം എൻസിപി വ്യക്തമാക്കിയത് പ്രതിപക്ഷത്ത് ഭിന്നതയ്ക്ക് കാരണമായിട്ടുണ്ട്. ഡിഎംകെയുടെ അന്തിമ നിലപാടും നിർണായകമാകും. സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ എന്നിവ ബില്ലിനെതിരെ നിലപാട് സ്വീകരിച്ചിട്ടുണ്ട്.

എല്ലാ സംസ്ഥാനങ്ങളിലെയും ലോക്‌സഭാ സീറ്റുകൾ ആനുപാതികമായി 50 ശതമാനം വർധിപ്പിക്കാനും വനിതാ സംവരണം നടപ്പാക്കാനുമാണ് കേന്ദ്രസർക്കാരിന്റെ നിർദേശം. നവംബർ 30ന് ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. ബില്ലിനെതിരായ പ്രതിപക്ഷത്തിന്റെ സംയുക്ത പോരാട്ടരീതി ഇന്നത്തെ യോഗത്തിൽ ചർച്ചയാകും.
أحدث أقدم