
ന്യൂഡൽഹി: സോഷ്യൽ മീഡിയ താരത്തെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് വീട്ടിൽ അതിക്രമിച്ചുകയറിയ യുവാവ് കുടുംബാംഗങ്ങളുടെയും അയൽവാസികളുടെയും മർദ്ദനമേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ ഗാസിപുർ സ്വദേശിയും ചെന്നൈയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനുമായ അഭിനവാണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ പിതാവ് വീരേന്ദർ ബിഷ്ടിനെയും അയൽവാസിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാമിൽ ആറുലക്ഷത്തിലേറെ ഫോളോവേഴ്സുള്ള ഡൽഹി സ്വദേശിനി നേഹ ബിഷ്ടിന്റെ കിഴക്കൻ ഡൽഹിയിലെ മധുവിഹാറിലുള്ള വീട്ടിലാണ് അഭിനവ് അതിക്രമിച്ചുകയറിയത്.
മദ്യലഹരിയിലായിരുന്നു യുവാവെന്നും പരാതിയുണ്ട്. ഇതോടെ പ്രകോപിതരായ നേഹയുടെ കുടുംബാംഗങ്ങളും അയൽവാസികളും ചേർന്ന് അഭിനവിനെ മർദ്ദിക്കുകയായിരുന്നു. തുടർന്ന് ഇവർ തന്നെയാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് സ്ഥലത്തെത്തുമ്പോൾ മുതുകിലും വലതുകാലിലും ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു അഭിനവ്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ നവംബർ 15ന് മരിച്ചു. നേഹയുടെ വീഡിയോകൾ സ്ഥിരമായി കണ്ടിരുന്ന അഭിനവിന് യുവതിയോട് കടുത്ത ആരാധനയും പ്രണയവും തോന്നിയിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഏതാനും മാസങ്ങൾക്ക് മുമ്പും ഇയാൾ നേഹയുടെ വീട്ടിലെത്തിയിരുന്നു. ഇതിനിടെ മറ്റൊരാളുമായി നേഹയുടെ വിവാഹം ഉറപ്പിച്ചതിലുള്ള നിരാശയാണ് വീണ്ടും വീട്ടിലെത്തി അതിക്രമം നടത്താൻ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം. സംഭവത്തിൽ യുവതിയുടെ പിതാവിനെയും അയൽവാസിയെയും അറസ്റ്റ് ചെയ്ത പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്