
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഇ.എം.എസിന്റെ മകളും എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഇ.എം. രാധ (70) അന്തരിച്ചു. അർബുദബാധയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
വനിതാ കമ്മീഷൻ മുൻ അംഗം, വയോജന കമ്മീഷൻ അംഗം, ദേശാഭിമാനി മുൻ അഡ്മിനിസ്ട്രേഷൻ മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന രാധ എഴുത്തിലൂടെയും പൊതുപ്രവർത്തനത്തിലൂടെയും ശ്രദ്ധേയയായി.
ഇ.എം.എസിനെക്കുറിച്ചുള്ള വ്യക്തിപരമായ ഓർമകളും അനുഭവങ്ങളും പങ്കുവെച്ച 'ഇ.എം.എസ് – മകളുടെ ഓർമകൾ' എന്ന പുസ്തകം രചിച്ചിട്ടുണ്ട്. സ്ത്രീകളുടെയും മുതിർന്ന പൗരന്മാരുടെയും പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും സജീവമായി ഇടപെട്ടിരുന്നു.
പരേതയായ ആര്യാ അന്തർജനമാണ് മാതാവ്. പരേതരായ ഡോ. മാലതി ദാമോദരൻ, ഇ.എം. ശ്രീധരൻ, എസ്. ശശി എന്നിവർ സഹോദരങ്ങളാണ്. ഭർത്താവ് സി.കെ. ഗുപ്തൻ (മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്). മകൻ സിദ്ധാർഥ് ഗുപ്തൻ. മരുമകൾ സ്നേഹപ്രിയ.