കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ പച്ചക്കറി വാൻ താഴ്ചയിലേക്ക് മറിഞ്ഞു. മരത്തിൽ കുടുങ്ങിനിന്നതിനാൽ വാഹനം തോട്ടിലേക്ക് പതിക്കാതെ വൻ അപകടം ഒഴിവായി. വ്യാഴാഴ്ച പുലർച്ചെ 12.30ഓടെയായിരുന്നു അപകടം. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കർണാടകയിലെ ചിക്കമംഗളൂരുവിൽ നിന്ന് തൃശൂരിലേക്ക് പച്ചക്കറിയുമായി വരികയായിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. ചുരം ഇറങ്ങുന്നതിനിടെ ഒന്നാം വളവിന് ശേഷമാണ് വാഹനത്തിന്റെ ബ്രേക്ക് തകരാറിലായത്. മുന്നിലുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ബസിലും കാറിലും ഇടിക്കാതിരിക്കാൻ ഡ്രൈവർ ഹാൻഡ് ബ്രേക്ക് ഉപയോഗിച്ച് വാൻ വലതുവശത്തേക്ക് മാറ്റാൻ ശ്രമിച്ചതോടെയാണ് വാഹനം താഴ്ചയിലേക്ക് മറിഞ്ഞത്. എന്നാൽ മരത്തിൽ മുൻവശത്തെ ടയർ കുടുങ്ങിയതിനാൽ വാൻ താഴെയുള്ള തോട്ടിലേക്ക് വീഴാതെ നിന്നു. ഇതാണ് വലിയ അപകടം ഒഴിവാക്കിയത്.