സോളർ പീഡനപരാതി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യത്തെ ബാധിച്ചു; കോടതിയിൽ മൊഴി നൽകി മുൻ പ്രൈവറ്റ് സെക്രട്ടറി



കൊട്ടാരക്കര: സോളർ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ നൽകിയ പീഡനപരാതി അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാകാൻ കാരണമായെന്ന് മുൻ പ്രൈവറ്റ് സെക്രട്ടറി പി.എസ്. ശ്രീകുമാർ കോടതിയിൽ മൊഴി നൽകി. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

*സോളർ അന്വേഷണ കമ്മിഷനു മുന്നിൽ പീഡനക്കേസ് പരാതിക്കാരി സമർപ്പിച്ച കത്തിൽ നാല് പേജുകൾ അധികമായി കൂട്ടിച്ചേർത്തതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട ഹർജിയിലാണ് മൊഴിയെടുപ്പ് നടന്നത്. അഡ്വ. സുധീർ ജേക്കബ്, അഡ്വ. ജോളി അലക്സ് എന്നിവർ മുഖേനയാണ് ഹർജി ഫയൽ ചെയ്തത്. കേസിൽ സോളർ പീഡനക്കേസ് പരാതിക്കാരിയാണ് ഒന്നാം പ്രതി. കെ.ബി. ഗണേഷ്കുമാർ രണ്ടാം പ്രതിയും.

*ഉമ്മൻ ചാണ്ടിയുടെ ഓഫീസിൽ സോളർ കേസിലെ പരാതിക്കാരി ഒരിക്കൽ മാത്രമാണ് എത്തിയതെന്ന് ശ്രീകുമാർ മൊഴി നൽകി. 2013ലായിരുന്നു സന്ദർശനം. പഴ്സനൽ സെക്യൂരിറ്റി ഓഫീസർ അറിയിച്ചതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ മുറിയിലെത്തിയപ്പോൾ ലക്ഷ്മി നായർ എന്ന സ്ത്രീ ദുരിതാശ്വാസ നിധിയിലേക്ക് ചെക്ക് നൽകാനെത്തിയതാണെന്ന് ഉമ്മൻ ചാണ്ടി അറിയിച്ചു. ചെക്ക് കൈപ്പറ്റി ഫിനാൻസ് സെക്രട്ടറിക്ക് കൈമാറുകയായിരുന്നു. പിന്നീട് മാത്രമാണ് ഇവർ സോളർ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയാണെന്ന് അറിഞ്ഞതെന്നും ശ്രീകുമാർ വ്യക്തമാക്കി.

*കെ.ബി. ഗണേഷ്കുമാറിന്റെ കുടുംബപ്രശ്നം പരിഹരിക്കാൻ ഉമ്മൻ ചാണ്ടി ഏറെ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. പാർട്ടി ചെയർമാൻ എന്ന നിലയിൽ പിതാവ് ആർ. ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഗണേഷ്കുമാറിന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നത്. കുടുംബപ്രശ്നവും തുടർന്നുണ്ടായ വിവാദങ്ങളും കാരണം ഉറക്കം നഷ്ടപ്പെട്ടെന്നും രക്തസമ്മർദം വർധിച്ചെന്നും മരുന്ന് കഴിക്കുകയാണെന്നും ഗണേഷ്കുമാർ തന്നോട് പറഞ്ഞിരുന്നതായി ശ്രീകുമാർ മൊഴി നൽകി.

*ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമൊഴിഞ്ഞ ശേഷമാണ് സോളർ അന്വേഷണ കമ്മിഷനു മുന്നിലും പിന്നീട് അധികാരത്തിലെത്തിയ സർക്കാരിനു മുന്നിലും പരാതിക്കാരി പീഡനപരാതി ഉന്നയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

*കേസിൽ മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയവും കോടതിയിൽ മൊഴി നൽകി. ഉമ്മൻ ചാണ്ടിയുമായി ദീർഘകാലത്തെ ബന്ധമുണ്ടെന്നും അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ വലിയ മാനസിക സംഘർഷത്തിന് ഇടയാക്കിയെന്നും ജോൺ മുണ്ടക്കയം പറഞ്ഞു. ഈ സാഹചര്യം ഉമ്മൻ ചാണ്ടിയുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചുവെന്നും അദ്ദേഹം മൊഴി നൽകി.

കേസിൽ കോടതി അടുത്ത മാസം 17ന് വീണ്ടും വാദം കേൾക്കും.
Previous Post Next Post