പുഴു വിവാദത്തിൽ വഴിത്തിരിവ്… ജിജോ ജെയിംസിനെതിരെ ഭക്ഷണത്തിൽ പുഴുവിട്ടതിന്…



കോഴിക്കോട്: കേരള സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന വിവാദത്തിൽ അറസ്റ്റിലായ കായികാധ്യാപകൻ ജിജോ ജെയിംസിനെതിരെ നിർണായക ആരോപണത്തിന് തെളിവില്ലെന്ന് പൊലീസ്. ഭക്ഷണത്തിൽ അധ്യാപകൻ മനഃപൂർവം പുഴുവിനെ കൊണ്ടിട്ടെന്ന സംഘാടകരുടെ ആരോപണം സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസിന്റെ നിലപാട്. ജിജോ ജെയിംസ് ഭക്ഷണം വാങ്ങുന്നതു മുതലുള്ള ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.


എന്നാൽ ഭക്ഷണത്തിൽ പുഴുവിനെ കൊണ്ടിടുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. അധ്യാപകൻ പുഴുവിനെ കൊണ്ടുവരുന്നത് കണ്ടവരുണ്ടെന്നായിരുന്നു സംഘാടകരുടെ വാദം. സംഭവത്തിൽ കൂടുതൽ പരിശോധനകൾ നടത്താനും പൊലീസ് നീക്കം നടത്തുന്നുണ്ട്. പുഴുവിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന വകുപ്പ് മാത്രം ഉൾപ്പെടുത്തിയായിരിക്കും പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയെന്നാണ് വിവരം. കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ പ്രതിച്ഛായ തകർക്കാൻ ബോധപൂർവമായ ഗൂഢാലോചന നടന്നെന്ന സംഘാടകരുടെയും മന്ത്രിയുടെയും പരാതിയിലായിരുന്നു എറണാകുളം ശാലേം വിഎച്ച്എസിലെ കായികാധ്യാപകനായ ജിജോ ജെയിംസിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നാലെ അധ്യാപകനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.


കായികമേളയിലെ ഭക്ഷണവിതരണ കേന്ദ്രത്തിൽ നിന്നുള്ള ഭക്ഷണത്തിൽ പുഴുവുണ്ടെന്ന തരത്തിൽ വ്യാഖ്യാനിച്ചാണ് പ്രതി സമൂഹമാധ്യമങ്ങളിൽ ലൈവ് വീഡിയോ പ്രചരിപ്പിച്ചതെന്നായിരുന്നു പരാതി. പഴയ സിനിമകളിലെ നമ്പർ പോലെയാണ് അധ്യാപകൻ ഭക്ഷണത്തിൽ പുഴുവിട്ടതെന്ന തരത്തിൽ വിദ്യാഭ്യാസമന്ത്രി ഉൾപ്പെടെയുള്ളവർ പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന പൊലീസ് പരിശോധനാ വിവരങ്ങൾ കേസിൽ നിർണായക വഴിത്തിരിവാകുകയാണ്.
أحدث أقدم