തൃശ്ശൂർ: അമേരിക്കയിലെ ലോസ് ആഞ്ചലിസ് മേയർസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട തൃശ്ശൂർക്കാരി നിത്യാ രാമനെ സാമൂഹിക, രാഷ്ട്രീയ പ്രവർത്തനങ്ങളിലേക്ക് നയിച്ചത് ദരിദ്രരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ജീവിതത്തിൽ മാറ്റമുണ്ടാക്കണമെന്ന ആഗ്രഹം. ഭവനരഹിതരുടെ പ്രശ്നങ്ങളും അടിസ്ഥാന ജനവിഭാഗങ്ങളുടെ അവകാശങ്ങളും രാഷ്ട്രീയ പ്രവർത്തനത്തിന്റെ കേന്ദ്രവിഷയമാക്കിയായിരുന്നു നിത്യയുടെ മുന്നേറ്റം. രാഷ്ട്രീയവും നഗരാസൂത്രണവും പഠനമേഖലയായി തിരഞ്ഞെടുത്ത നിത്യ പഠനകാലത്ത് ഡൽഹിയിലെത്തി ആംനസ്റ്റി ഇന്റർനാഷണൽ ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകളുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു.
ഈ അനുഭവങ്ങളാണ് ലോസ് ആഞ്ചലിസിലെ ഭവനരഹിതരുടെ പ്രശ്നങ്ങളിൽ ഇടപെടാൻ പ്രേരണയായതെന്ന് വിവിധ അഭിമുഖങ്ങളിൽ നിത്യ വ്യക്തമാക്കിയിട്ടുണ്ട്.
ചേരിനിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന ‘ദ ഹസാർഡ്സ് സെന്റർ’ എന്ന സന്നദ്ധസംഘടനയുമായും അവർ സഹകരിച്ചു. 2009-ൽ ചെന്നൈയിലെത്തിയ നിത്യ ‘ട്രാൻസ്പരന്റ് ചെന്നൈ’ എന്ന സന്നദ്ധസംരംഭത്തിന് തുടക്കമിട്ടു. നഗരത്തിലെ ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ വിവരശേഖരണത്തിലൂടെയും മാപ്പിങ്ങിലൂടെയും പൊതുജനശ്രദ്ധയിൽ കൊണ്ടുവരികയായിരുന്നു ലക്ഷ്യം. കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നവരുടെ പ്രശ്നങ്ങൾ പഠിക്കുകയും അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി പ്രവർത്തിക്കുകയും ചെയ്തു. തെരുവുകച്ചവടക്കാർ, മത്സ്യവിൽപ്പനക്കാർ, പൂക്കച്ചവടക്കാർ തുടങ്ങി അസംഘടിത മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങൾക്കായും നിത്യ പ്രവർത്തിച്ചു. 2013-ലാണ് അവർ അമേരിക്കയിലേക്ക് മടങ്ങിയത്.
ഇടതുപക്ഷ രാഷ്ട്രീയ പശ്ചാത്തലമുള്ള നിത്യയ്ക്ക് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സ് ഓഫ് അമേരിക്കയുടെ (DSA) പിന്തുണയുണ്ടായിരുന്നു. 2020-ലെ ലോസ് ആഞ്ചലിസ് സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിൽ ഈ പിന്തുണയോടെയാണ് അവർ വിജയിച്ചത്. ഇപ്പോഴത്തെ മേയർ തിരഞ്ഞെടുപ്പിലും സംഘടന നിത്യയ്ക്കൊപ്പമുണ്ട്. വാടകക്കാരുടെ അവകാശസംരക്ഷണം, ഭവനരഹിതർക്ക് താമസസൗകര്യം ഉറപ്പാക്കൽ, കുടിയേറ്റക്കാരുടെ അവകാശങ്ങൾ, പൊതുഗതാഗത വികസനം തുടങ്ങിയ വിഷയങ്ങളിലാണ് നിത്യയുടെ രാഷ്ട്രീയ നിലപാടുകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സാമൂഹിക നീതിയും അടിസ്ഥാന ജനവിഭാഗങ്ങളുടെ അവകാശങ്ങളും മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് തൃശ്ശൂരിൽനിന്നുള്ള നിത്യാ രാമനെ അമേരിക്കൻ രാഷ്ട്രീയത്തിലെ ശ്രദ്ധേയ സാന്നിധ്യമാക്കിയത്.