
പാലക്കാട്: കുട്ടികൾക്ക് മൃഗാശുപത്രിയിൽ പോളിയോ വാക്സിൻ നൽകിയതിനെച്ചൊല്ലി പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂർ ചങ്ങലീരിയിൽ തർക്കവും സംഘർഷാവസ്ഥയും. നാട്ടുകാരും പഞ്ചായത്ത് ഭരണസമിതിയിലെ എൽഡിഎഫ് അംഗങ്ങളും തമ്മിലാണ് തർക്കമുണ്ടായത്. പ്രതിഷേധത്തെത്തുടർന്ന് വാക്സിനേഷൻ കേന്ദ്രം സമീപത്തെ അങ്കണവാടിയിലേക്ക് മാറ്റി. ഇന്ന് രാവിലെ ചങ്ങലീരി രണ്ടാം മൈലിലെ മൃഗാശുപത്രിയിലാണ് പോളിയോ വാക്സിനേഷൻ ആരംഭിച്ചത്.
ഇവിടെ ഏഴ് കുട്ടികൾക്ക് വാക്സിൻ നൽകിയിരുന്നു. മൃഗാശുപത്രിയിൽ വാക്സിൻ നൽകുന്ന വിവരം അറിഞ്ഞതോടെ പഞ്ചായത്തംഗം ഷാഫി ചങ്ങലീരിയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനിടെ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ജംഷീല, പറമ്പുള്ളി വാർഡംഗം വി. വിനീത, സിപിഎം പ്രവർത്തകർ എന്നിവരും സ്ഥലത്തെത്തി. മൃഗാശുപത്രിയിൽ തന്നെ വാക്സിനേഷൻ നടത്തണമെന്നും നേരത്തെയും ഇവിടെ വാക്സിൻ നൽകിയിട്ടുണ്ടെന്നും ഇവർ നിലപാടെടുത്തു. ഇതോടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായി. തുടർന്നാണ് വാക്സിനേഷൻ കേന്ദ്രം പറമ്പുള്ളിയിലെ അങ്കണവാടിയിലേക്ക് മാറ്റാൻ പഞ്ചായത്ത് തീരുമാനിച്ചത്. പഞ്ചായത്തിന്റെ തീരുമാനത്തിന് വിരുദ്ധമായാണ് മൃഗാശുപത്രിയിൽ വാക്സിനേഷൻ നടത്തിയതെന്നാണ് ഷാഫിയുടെ ആരോപണം.
ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവർത്തനം ആരംഭിക്കാത്ത ആരോഗ്യവകുപ്പിന്റെ സബ് സെന്ററിൽ വാക്സിൻ നൽകാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെന്നും കുട്ടികളെ അവിടേക്ക് എത്തിക്കാനാണ് അറിയിപ്പ് നൽകിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് നിർമിച്ച സബ് സെന്ററിൽ വാക്സിൻ നൽകാൻ തയ്യാറാകാത്തത് രാഷ്ട്രീയ വിരോധം മൂലമാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. കുട്ടികളെ മൃഗാശുപത്രിയിൽ എത്തിച്ച് വാക്സിൻ നൽകാൻ തയ്യാറല്ലെന്നും നാട്ടുകാർ വ്യക്തമാക്കി