
തൃശൂർ: ഭീകരപ്രവർത്തനങ്ങളിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന കേസിൽ നവിമുംബൈ സ്വദേശിയായ യുവാവ് അറസ്റ്റിൽ. പാലക്കാട് ഒറ്റപ്പാലം തൃക്കങ്ങോട് പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഗുരുമൂർത്തി (27) ആണ് അറസ്റ്റിലായത്. തൃശൂർ എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെയാണ് ഇയാളെ പിടികൂടിയത്.
മിൽമയുടെ ഗോഡൗണിൽ ജീവനക്കാരനായിരുന്നു ഗുരുമൂർത്തി. രണ്ട് മാസം മുൻപാണ് ഇയാൾ ഇവിടെ ജോലിയിൽ പ്രവേശിച്ചത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങളിലും വിധ്വംസക പ്രവർത്തനങ്ങളിലും ഇയാൾ ഏർപ്പെട്ടിരുന്നതായാണ് പൊലീസിന്റെ ആരോപണം. ഭീകരപ്രവർത്തനങ്ങൾക്ക് ഗൂഢാലോചന നടത്തിയെന്നും അതിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നുമാണ് എഫ്ഐആറിലെ ആരോപണം. രാജ്യത്തെ ഒരു തീവ്രവാദ ഗ്രൂപ്പുമായി ഗുരുമൂർത്തിക്ക് ബന്ധമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും പൊലീസ് അറിയിച്ചു.