ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ വിവരങ്ങളും സേവനങ്ങളും എളുപ്പത്തിൽ ലഭ്യമാക്കുന്ന 'ശബരി' പോർട്ടൽ മറ്റ് സംവിധാനങ്ങൾക്ക് മാതൃകയാവുകയാണ്. ലാൻഡ് റവന്യൂ കമ്മീഷണറേറ്റിലെ ഇൻസ്പെക്ടർ ബി. യോഗേഷ് തയ്യാറാക്കിയ ഈ പോർട്ടൽ, പത്തനംതിട്ട കളക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് അജിത്ത് ശ്രീനിവാസാണ് ഏകോപിപ്പിച്ചത്. ദർശന സമയം, ബസ്, ട്രെയിൻ സമയക്രമങ്ങൾ, കാലാവസ്ഥ, വഴികാട്ടികൾ, ശബരി മാപ്പ് എന്നിവ വിരൽത്തുമ്പിൽ ലഭിക്കാൻ പോർട്ടൽ സഹായം. കൂടാതെ ശബരി ചാറ്റ്ബോട്ട്, വാട്സ്ആപ്പ് ഹെൽപ്പ് ഡെസ്ക്, പരാതി പരിഹാരം, കാണാതായവരെ കണ്ടെത്താനുള്ള സംവിധാനം, വാഹന തകരാർ പരിഹാര സഹായം, ആരോഗ്യ സേവനങ്ങൾ എന്നിവയും ഇതിലൂടെ ലഭ്യമാണ്. ഗതാഗതം, വനം, വന്യജീവി, ജലസേചനം തുടങ്ങിയ ഏകദേശം 60-ഓളം വിവിധ സേവനങ്ങൾക്കൊപ്പം ഉദ്യോഗസ്ഥ വിന്യാസം, ഹാജർ വിവരങ്ങൾ, ശുചീകരണം, മേൽനോട്ടം എന്നിവയും ഒരുകുടക്കീഴിൽ ഒരുക്കിയിട്ടുണ്ട്.
മണ്ഡല-മകരവിളക്ക് കാലത്ത് ലക്ഷക്കണക്കിന് തീർത്ഥാടകർക്കും അധികാരികൾക്കും ഏറെ ഉപകാരപ്രദമായ ഈ പോർട്ടൽ, ഭരണകേന്ദ്രങ്ങളിൽ സ്ഥിരം സംവിധാനമായി ഉപയോഗിക്കാൻ കഴിയുന്നത്ര മികച്ചതാണെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. 60 ലക്ഷം തീർത്ഥാടകരെ പ്രതീക്ഷിച്ച് ആരംഭിച്ച പോർട്ടലിൽ ആദ്യ പത്ത് ദിവസത്തിനുള്ളിൽ തന്നെ 20 ലക്ഷം പേർ എത്തിക്കഴിഞ്ഞു.