കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് ആശ്വാസം. കരാറിലെ വിജിലന്‍സ് അന്വേഷണത്തിനുള്ള സ്റ്റേ തുടരും. ഡിസംബര്‍ 15 വരെ സ്റ്റേ ഉത്തരവ് നീട്ടിവെച്ചു. പിണറായി വിജയൻ, മകൾ വീണ വിജയൻ, പി.എ. മുഹമ്മദ് റിയാസ് എന്നിവരടക്കമുള്ളവർ നൽകിയ അപ്പീലില്‍ ഹൈക്കോടതിയുടേതാണ് നടപടി.വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീലില്‍ വാദം പൂര്‍ത്തിയാകുന്നത് വരെ എഫ്ഐആറില്‍ തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു. സിംഗിള്‍ ബെഞ്ചിന്റെ വിധിയാണ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്. പിണറായിയുടെ അപ്പീലില്‍ വിജിലന്‍സിനും ഇഡിക്കും കോടതി നോട്ടീസ് അയച്ചിരുന്നു.

നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നായിരുന്നു നിര്‍ദേശം. അപ്പീലില്‍ വിശദമായ വാദം കേള്‍ക്കുമെന്നും സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച വിധിയിലെ നിയമപ്രശ്നങ്ങള്‍ പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. വാദത്തിനിടെ, മാസപ്പടിക്കേസില്‍ ഇഡിയുടെ അന്വേഷണാധികാരത്തെ പിണറായി വിജയന്‍ ചോദ്യം ചെയ്തിരുന്നു. ഇഡിയുടെ ഇടപെടല്‍ കമ്പനീസ് ആക്ടിലെ വ്യവസ്ഥകളെ അപ്രസക്തമാക്കുമെന്നും ആദ്യം കേസ് അന്വേഷിച്ച എസ്എഫ്‌ഐഒ ഒരു വിവരവും സംസ്ഥാന സര്‍ക്കാരിന് കൈമാറിയിട്ടില്ലെന്നും പിണറായിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലുത്ര വാദിച്ചു. ഹരജിക്കാരനായ കെ.എം ഷാജഹാന് തന്നോട് രാഷ്ട്രീയപകയുണ്ടെന്നും പിണറായി വിജയന്‍ വാദിച്ചിരുന്നു