മുംബൈയിൽ ആലപ്പുഴക്കാരിയായ വയോധികയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി… കൊലപാതകമെന്ന് സംശയം…



മുംബൈ: പൻവേലിന് സമീപം ഖൊപ്പോളിയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മലയാളി വയോധികയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ അമ്പലപ്പുഴ കരുമാടി ആറ്റുകടവിൽ മഹേശ്വരി രാമചന്ദ്രൻ (71) ആണ് മരിച്ചത്. കൊലപാതകമാണെന്നാണ് പ്രാഥമിക സംശയം. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഭാൻവജിലെ കാർമൽ സ്കൂളിന് പിന്നിലുള്ള ഇന്ദ്രപ്രസ്ഥ ബിൽഡിങ്ങിലെ നാലാം നമ്പർ ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

കൈകാലുകൾ കെട്ടിയ നിലയിൽ രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. പരേതനായ വൈപ്പുശ്ശേരി രാമചന്ദ്ര പണിക്കരുടെ ഭാര്യയാണ് മഹേശ്വരി. മക്കളായ സന്ധ്യ, വിനോദ്, മനോജ് എന്നിവർ വിദേശത്തായതിനാൽ ഇവർ ഫ്ലാറ്റിൽ തനിച്ചായിരുന്നു താമസം. മക്കൾ ഫോണിൽ ബന്ധപ്പെട്ടിട്ടും മറുപടി ലഭിക്കാത്തതിനെ തുടർന്ന് അയൽവാസികൾ ഫ്ലാറ്റിലെത്തുകയായിരുന്നു. വാതിൽ പൂട്ടിയ നിലയിലായിരുന്നതിനാൽ വിവരം പൊലീസിനെ അറിയിച്ചു. ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ വീട്ടിലാണെന്ന് കണ്ടെത്തി. തുടർന്ന് പൂട്ട് തുറന്ന് അകത്തുകയറിയപ്പോഴാണ് കിടപ്പുമുറിയിൽ നിലത്ത് മൃതദേഹം കണ്ടെത്തിയത്. മഹേശ്വരിയെ അറിയാവുന്ന ആരെങ്കിലും സംഭവത്തിന് പിന്നിലുണ്ടാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെന്ന് അയൽവാസികൾ മാധ്യമങ്ങളോട് പറഞ്ഞു. ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ നഷ്ടമായതായും ഇവർ ആരോപിച്ചു. ബന്ധുക്കൾ സ്ഥലത്തെത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.


Previous Post Next Post