
മലപ്പുറം: ഉത്സവ നേർച്ചകൾക്കുമുള്ള ആന എഴുന്നള്ളിപ്പിനിടെ പൊതുജനങ്ങൾ അനധികൃതമായി ആനപ്പുറത്ത് കയറുന്നത് തടയാൻ കർശന നടപടികൾ സ്വീകരിക്കും. ആനപ്പാപ്പാൻമാർക്ക് മാത്രമേ ആനപ്പുറത്ത് കയറാൻ അനുമതിയുള്ളൂ എന്നും മറ്റുള്ളവർ കയറുന്നത് നിയമലംഘനമാണെന്നും അധികൃതർ വ്യക്തമാക്കി. ഉത്സവങ്ങളിലും ആഘോഷങ്ങളിലും നാട്ടാനകളെ എഴുന്നള്ളിക്കുന്നതിന് അനുമതി നൽകുന്നതിനും സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനുമായി ചേർന്ന് ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
അനധികൃതമായി ആനപ്പുറത്ത് കയറുന്നവർക്കെതിരെ കേരള നാട്ടാന പരിപാലന ചട്ടം 2012, മൃഗങ്ങളോടുള്ള ക്രൂരത നിയമം 1960 എന്നിവ പ്രകാരം നടപടി സ്വീകരിക്കാനും യോഗം തടയാനും നിർദ്ദേശം നൽകി. മതപരമായ ചടങ്ങുകളുടെ ഭാഗമായി ആനപ്പുറത്ത് വെഞ്ചാമരം വീശുക, തിടമ്പേറ്റുക, ആലവട്ടം തുടങ്ങിയ ചടങ്ങുകൾ നടത്തുന്നതിന് ബന്ധപ്പെട്ട കമ്മിറ്റികൾ പ്രത്യേക അനുമതി നേടണം. ചടങ്ങുകൾക്ക് അനുമതിയില്ലാതെ ആളുകളെ ആനപ്പുറത്ത് കയറ്റാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കേരള നാട്ടാന പരിപാലന ചട്ടം 2012 പ്രകാരമുള്ള എല്ലാ നിയന്ത്രണങ്ങളും കൃത്യമായി പാലിക്കണം. ഉത്സവങ്ങളിലും നേർച്ചകളിലും അനിഷ്ടങ്ങൾ ഉണ്ടാകാതിരിക്കാൻ സംഘാടകരുടെയും പൊതുജനങ്ങളുടെയും സഹകരണം ആവശ്യമാണ്. നിയമലംഘനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കണമെന്നും ജില്ലാ സാമൂഹിക വനവത്കരണ വിഭാഗം ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചു.