പി.ജയരാജൻ ഗ്രാൻഡ് ക്ലിഫ് റിസോർട്ട് ഉടമകൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്ത്



സിപിഎം നേതാവ് പി.ജയരാജൻ ഗ്രാൻഡ് ക്ലിഫ് റിസോർട്ട് ഉടമകൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്ത്. ദുബൈ നടന്ന റിസോർട്ടിന്റെ ഡയറക്ടർ ബോർഡ് യോഗത്തിൽ പി.ജയരാജൻ പങ്കെടുത്തതിന്റെ ദൃശ്യങ്ങളാണിതെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. ഈ വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് മുതിർന്ന സിപിഎം നേതാവ് ഇ.പി ജയരാജൻ പാർട്ടിക്ക് പരാതി നൽകിയതെന്നാണ് സൂചന. മാങ്കുളത്തെ ഗ്രാൻഡ് ക്ലിഫ് റിസോർട്ടുമായി പി.ജയരാജന് ബന്ധമുണ്ടെന്ന് ആരോപിച്ച് ഇ.പി ജയരാജൻ നേരത്തെ പാർട്ടി നേതൃത്വത്തിന് കത്ത് നൽകിയിരുന്നു.

ഈ മാസം ആറ്,ഏഴ് തീയതികളിൽ ദുബൈയിൽ നടന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ പി.ജയരാജൻ പങ്കെടുത്തതായാണ് പുറത്തുവന്ന ചിത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ആരോപണം. നേരത്തെ റിസോർട്ടിന്റെ ഉദ്ഘാടന ചടങ്ങിൽ പി.ജയരാജൻ പങ്കെടുത്തതും ഇ.പി ജയരാജന്റെ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ് വിവരം. വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് ഇ.പി ജയരാജനെതിരെ പി.ജയരാജൻ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെയാണ് ഇ.പിയുടെ ഭാഗത്തുനിന്നുള്ള മറുപരാതിയും പുതിയ ദൃശ്യങ്ങളും പുറത്തുവരുന്നത്. ഇരുനേതാക്കളും ഉന്നയിച്ച പരാതികൾ അന്വേഷിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് രണ്ടംഗ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. പുതിയ ചിത്രങ്ങൾ കൂടി പുറത്തുവന്നതോടെ പാർട്ടിക്കുള്ളിലെ റിസോർട്ട് വിവാദം കൂടുതൽ സങ്കീർണമായിരിക്കുകയാണ്

Previous Post Next Post