മണ്ഡല പുനർനിർണയ ബില്ലിന് പിന്തുണ പ്രഖ്യാപിച്ച ഡിഎംകെയെ അനുനയിപ്പിക്കാനുള്ള ഇന്ത്യാസഖ്യത്തിന്റെ ശ്രമം പരാജയം. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും അടക്കമുള്ള നേതാക്കൾ ചെന്നൈയിൽ എത്തി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഇന്ത്യ സഖ്യത്തിന് തിരിച്ചടി നൽകുന്നതാണ് കൂടിക്കാഴ്ചയുടെ അന്തിമഫലം. തങ്ങൾക്ക് ദേഷ്യമില്ലെന്ന് വ്യക്തമാക്കിയ എം കെ സ്റ്റാലിൻ ഊഷ്മളവായ വരവേൽപാണ് ഇന്ത്യാ സഖ്യനേതാക്കൾക്ക് നൽകിയത്. മണ്ഡല പുനർനിർണയ ബില്ലിന് പിന്തുണ പ്രഖ്യാപിച്ച നിലപാട് ദേഷ്യം കൊണ്ടല്ലെന്ന് വ്യക്തമാക്കിയ എംകെ സ്റ്റാലിൻ അനുനയ ശ്രമങ്ങൾക്ക് വഴങ്ങിയില്ല. 1971 സെൻസസ് അനുപാതം തുടരാൻ വേറെ വഴിയില്ലെന്നും ഇന്നും എന്നും ഒരേ നിലപാടെന്ന് എം കെ സ്റ്റാലിൻ. മണ്ഡല പുനർ നിർണയം തെക്കേ ഇന്ത്യക്ക് ദോഷം എന്ന കോൺഗ്രസ്സ് വാദം സ്റ്റാലിൻ തള്ളി.
ലോക് സഭാ സീറ്റുകളുടെ എണ്ണം 850 ആക്കുന്നതാണ് പ്രശ്നമെന്നും സീറ്റുകളുടെ സ്വഭാവം മാറ്റാൻ ശ്രമം നടക്കുന്നുവെന്നും രാഹുൽ ഗാന്ധി ഡിഎംകെ നേതൃത്വത്തോട് വിശദമാക്കി. ആർഎസ്എസിന് തമിഴ്നാടിനോട് വെറുപ്പാണെന്നും ബിജെപിയുടെ ലക്ഷ്യങ്ങൾ നടക്കാൻ അനുവദിക്കരുതെന്നും രാഹുൽ ഗാന്ധി എം കെ സ്റ്റാലിനോട് ആവശ്യപ്പെട്ടു. ലോക് സഭാ സീറ്റ് 850 ആയാൽ ജനാധിപത്യം അവസാനിക്കുമെന്നും രാഹുൽ ഗാന്ധി വിശദമാക്കി. എന്നാൽ അനുനയ യോഗത്തിൽ കോൺഗ്രസിന്റെ വഞ്ചന എടുത്ത് പറഞ്ഞ ദയാനിധി മാരൻ പൊട്ടിത്തെറിച്ചു. രണ്ട് മന്ത്രി സ്ഥാനത്തിന് വേണ്ടി കോൺഗ്രസ് പിന്നിൽ നിന്ന് കുത്തിയെന്നും ദയാനിധി മാരൻ വിശദമാക്കി. തങ്ങൾക്ക് മുഖ്യം തമിഴ്നാട് ആണെന്നും തമിഴ്നാടിന്റെ പ്രാധാന്യം വർദ്ധിക്കുന്ന ബില്ലിനെ തോൽപിക്കാൻ കഴിയില്ലെന്നുമാണ് ഡിഎംകെ നേതാക്കൾ വിശദമാക്കിയത്