മാനവീയം വീഥിയിലെ ഗാനസന്ധ്യയ്ക്ക് അനുമതി നിഷേധം… നഗരസഭയ്ക്കെതിരെ…







തിരുവനന്തപുരം: മാനവീയം വീഥിയിൽ ഗാനസന്ധ്യ നടത്താൻ അനുമതി നിഷേധിച്ച തിരുവനന്തപുരം നഗരസഭയുടെ നടപടിക്കെതിരെ ഗായിക പുഷ്പവതി രംഗത്ത്. പരിപാടിക്ക് തടസ്സം നിന്നത് മേയറാണെന്നാണ് താൻ അറിഞ്ഞതെന്ന് പുഷ്പവതി പ്രതികരിച്ചു. മാനവീയം വീഥിയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നവംബർ 14ന് നടത്താൻ നിശ്ചയിച്ചിരുന്ന ‘പുഷ്പവതി പാടുന്നു’ എന്ന പരിപാടിക്കാണ് നഗരസഭ അനുമതി നിഷേധിച്ചത്.മാപ്പുകൾ കാണുക

രാഷ്ട്രീയ ഭേദമില്ലാതെ കലാപ്രവർത്തനങ്ങൾ നടന്നിരുന്ന ഇടമാണ് മാനവീയം വീഥിയെന്ന് പുഷ്പവതി പറഞ്ഞു. ആദ്യഘട്ടത്തിൽ നഗരസഭാ സെക്രട്ടറിയുൾപ്പെടെയുള്ളവർ പരിപാടിക്ക് അനുകൂലമായ തീരുമാനമെടുത്തിരുന്നു. എന്നാൽ പിന്നീട് മേയറാണ് തടസ്സം നിന്നതെന്നാണ് അറിഞ്ഞതെന്നും അവർ വ്യക്തമാക്കി. പാട്ടുപാടി ജീവിക്കുന്നയാളാണ് താനെന്നും സമകാലിക വിഷയങ്ങൾ ഉൾപ്പെടുത്തി പാട്ടുകൾ സൃഷ്ടിക്കുകയും അവതരിപ്പിക്കുകയും ചെയ്യാറുണ്ടെന്നും പുഷ്പവതി പറഞ്ഞു. ഇന്ത്യ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങൾ തന്റെ പാട്ടുകളിൽ വിഷയമാകാറുണ്ട്. ബിജെപി എന്ന സംഘടനയ്ക്ക് തന്റെ പാട്ടുകൾ തടസ്സമാണെന്നും ആ തടസ്സം ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പുഷ്പവതി ആരോപിച്ചു
പല വേദികളിലും പാടാൻ ക്ഷണിക്കാറുണ്ടെങ്കിലും പരിപാടികൾക്ക് വേദി ലഭിക്കുമ്പോൾ പലതരത്തിലുള്ള തടസ്സങ്ങൾ സൃഷ്ടിക്കപ്പെടുകയാണെന്നും അവർ പറഞ്ഞു. പിന്നാക്കാവസ്ഥയിൽ നിന്ന് ഏറെ കഷ്ടപ്പെട്ടാണ് താൻ വളർന്നുവന്നതെന്നും വലിയ പ്രിവിലേജുകളൊന്നും അവകാശപ്പെടാനില്ലെന്നും പുഷ്പവതി കൂട്ടിച്ചേർത്തു. പഞ്ചമിക്ക് സ്കൂളിൽ പഠിക്കാനുള്ള അവകാശത്തിനായി സമരം ചെയ്ത മണ്ണാണ് കേരളത്തിലേത്. തനിക്ക് സ്റ്റേജിൽ പാടാൻ വിലക്ക് കൽപ്പിക്കുകയാണെങ്കിൽ പഴയതുപോലെ വില്ലുവണ്ടി യാത്ര നടത്തേണ്ടിവരുമെന്നും പുഷ്പവതി പ്രതികരിച്ചു.
Previous Post Next Post