പശ്ചിമ ബംഗാളിന്റെ പേര് പശ്ചിം ബംഗ എന്നാക്കി മാറ്റുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി സുവേന്ദു അധികാരി. പേര് മാറ്റത്തിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. ഡിസംബർ നാല് മുതൽ 14 വരെ നടക്കുന്ന നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചു. നിയമസഭയിൽ പ്രമേയം പാസാക്കിയ ശേഷം, ഭരണഘടനയുടെ ആർട്ടിക്കിൾ 3 പ്രകാരമുള്ള തുടർനടപടികൾക്കും പാർലമെന്ററി അംഗീകാരത്തിനുമായി കേന്ദ്ര സർക്കാരിന് അയക്കും. 1947 ജൂൺ 20-ലെ വിഭജനകാലത്തെ ചരിത്രവുമായി ബന്ധപ്പെട്ടതാണ് ഈ തീരുമാനമെന്നും സംസ്ഥാനത്തിന്റെ രൂപീകരണ ചരിത്രം അംഗീകരിക്കപ്പെടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ദശാബ്ദങ്ങളായി തുടരുന്നതാണ്. 2011ൽ സമാനമായ നിർദേശം ഉയർന്നെങ്കിലും കേന്ദ്രാനുമതി ലഭിച്ചിരുന്നില്ല. പിന്നീട് 2018 ജൂലൈയിൽ തൃണമൂൽ കോൺഗ്രസ് സർക്കാർ സംസ്ഥാനത്തിന്റെ പേര് ‘ബംഗ്ല’ എന്നാക്കി മാറ്റാൻ പ്രമേയം പാസാക്കിയെങ്കിലും കേന്ദ്ര സർക്കാർ ആ ആവശ്യം പരിഗണിച്ചില്ല. ഈ വർഷം ആദ്യം കേരളത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റാൻ കേന്ദ്രം അനുമതി നൽകിയതോടെയാണ് പശ്ചിമ ബംഗാളിലും പേരുമാറ്റ ചർച്ചകൾ വീണ്ടും സജീവമായത്