യാത്രക്കാരനോട് അപമര്യാദയായി പെരുമാറി; വിഡിയോ വൈറലായതോടെ ടിടിഇയ്ക്ക്...



ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരനോട് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ടിക്കറ്റ് എക്സാമിനറെ റെയിൽവേ സസ്പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ ഝാൻസിയിലുള്ള വീരാംഗന ലക്ഷ്മിബായ് റെയിൽവേ സ്റ്റേഷനിൽ നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. സംഭവത്തിൽ വകുപ്പ് തല അന്വേഷണത്തിനും റെയിൽവേ ഉത്തരവിട്ടിട്ടുണ്ട്.

യാത്രക്കാരനെ അസഭ്യം പറയുകയും അക്ഷരാഭ്യാസമില്ലാത്തവനെന്നും വിവരംകെട്ടവനെന്നും അധിക്ഷേപിക്കുകയും ചെയ്യുന്ന ടിടിഇയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. യാത്രക്കാരനെ ഭീഷണിപ്പെടുത്തുന്നതും വിഡിയോയിലുണ്ട്.

*നവംബർ എട്ടിന് കെഎസ്ആർ ബെംഗളൂരു–ന്യൂഡൽഹി കർണാടക എക്സ്പ്രസിലാണ് സംഭവം. ലക്നൗ സ്വദേശിയായ ശ്രാവൺ കുമാർ മറ്റ് രണ്ടുപേർക്കൊപ്പമാണ് ആന്ധ്രാപ്രദേശിലെ പെനുകോണ്ടയിൽനിന്ന് ട്രെയിനിൽ കയറിയത്. നവംബർ ആറിന് റെയിൽവേ സ്റ്റേഷനിൽനിന്ന് നേരിട്ട് വാങ്ങിയ സ്ലീപ്പർ ടിക്കറ്റുകളായിരുന്നു ഇവരുടെ കൈവശമുണ്ടായിരുന്നത്. മൂന്ന് ടിക്കറ്റുകളും ആർഎസിയിലായിരുന്നു. എസ്-2 കോച്ചിൽ 39, 47 സീറ്റുകളാണ് ഇവർക്ക് അനുവദിച്ചിരുന്നത്.

ട്രെയിൻ ഝാൻസിയിലെത്തിയപ്പോൾ ടിടിഇ ടിക്കറ്റ് ആവശ്യപ്പെട്ടു. ടിക്കറ്റ് ബാഗിനുള്ളിലാണെന്നും പുറത്തെടുക്കാൻ അൽപം സമയം വേണമെന്നും ശ്രാവൺ അറിയിച്ചു. എന്നാൽ ഇതിൽ പ്രകോപിതനായ ടിടിഇ യാത്രക്കാരനോട് തട്ടിക്കയറുകയും വാക്കേറ്റത്തിലേർപ്പെടുകയുമായിരുന്നു. നിയമാനുസൃതമായ ടിക്കറ്റാണ് കൈവശമുള്ളതെന്നും അത് ബാഗിൽനിന്ന് എടുക്കാനുള്ള സമയം മാത്രമാണ് ആവശ്യപ്പെടുന്നതെന്നും ശ്രാവൺ വിശദീകരിച്ചെങ്കിലും ടിടിഇ ശകാരിക്കുന്നത് തുടർന്നു.

*പിന്നീട് ബാഗിൽനിന്ന് ടിക്കറ്റ് എടുത്ത് നൽകിയിട്ടും ടിടിഇയുടെ നിലപാടിൽ മാറ്റമുണ്ടായില്ല. ലക്നൗവിലേക്കായിരുന്നു ശ്രാവണിന്റെ യാത്ര. എന്നാൽ ഝാൻസിയിൽ ഇറങ്ങണമെന്ന് ടിടിഇ നിർബന്ധിച്ചു. ഝാൻസി മുതൽ ലക്നൗ വരെയുള്ള യാത്രയ്ക്കായി ഓൺലൈൻ ടിക്കറ്റും നേരത്തെ ബുക്ക് ചെയ്തിട്ടുണ്ടെന്ന് അറിയിച്ചിട്ടും യാത്ര തുടരാൻ അനുവദിച്ചില്ല. തനിക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് കാണിച്ചുതരാമെന്നും പറഞ്ഞ് ടിടിഇ ഭീഷണിപ്പെടുത്തിയതായും ശ്രാവൺ ആരോപിച്ചു.

സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ശ്രാവൺ റെയിൽവേ അധികൃതരെ ടാഗ് ചെയ്ത് നടപടി ആവശ്യപ്പെട്ടു. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ റെയിൽവേ അന്വേഷണം പ്രഖ്യാപിക്കുകയും ടിടിഇയെ അടിയന്തരമായി സസ്പെൻഡ് ചെയ്യുകയുമായിരുന്നു. വകുപ്പ് തല അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

*യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്ന ജീവനക്കാരുടെ നടപടികൾ അംഗീകരിക്കാനാകില്ലെന്നും ഇത്തരം സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.
أحدث أقدم