ചെന്നൈ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് തമിഴ്നാട്ടിലെ പ്രമുഖ വസ്ത്രവ്യാപാരശാലയായ കുമരൻ സിൽക്സ് അധികൃതർ പൂട്ടി. ചെന്നൈ ടി നഗറിലെ കുമരൻ സിൽക്സ് ഷോറൂമിൽ നിരവധി പേർ ഇടിച്ചുകയറുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തായതോടെയാണ് അധികൃതർ നടപടി സ്വീകരിച്ചത്. സാമൂഹിക അകലം പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.
കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കാത്ത മറ്റ് കടകളും അടയ്ക്കുമെന്ന് ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ കടഉടമകളോടും പൊതുജനങ്ങളോടും അഭ്യർഥിക്കുകയാണെന്നും കോർപ്പറേഷൻ പറഞ്ഞു.
കുമരൻ സിൽക്സിൽ വലിയ തിരക്കായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. കടയ്ക്കുള്ളിലും പുറത്തുമായുണ്ടായിരുന്ന നൂറുകണക്കിന് ആളുകളിൽ പലർക്കും മാസ്ക് പോലും ഉണ്ടായിരുന്നില്ലെന്ന് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.