ലോക്ക്ഡൗൺ കാലയളവിലെ വിമാന ടിക്കറ്റ് റീഫണ്ട്: ഉടൻ നടപടിയെന്ന് കേന്ദ്രം*







ലോക്ക്ഡൗൺ കാലയളവിൽ യാത്ര റദ്ദാക്കിയ വിമാനടിക്ക​റ്റിന്റെ പണം ലഭിക്കാത്തവരുടെ പേര് വിവരം നൽകിയാൽ റീഫണ്ട് തുക ഉടൻ ലഭ്യമാക്കുമെന്ന് സിവിൽ വ്യോമയാന വകുപ്പ് സെക്രട്ടറി പ്രദീപ് സിംഗ് കരോള ഉറപ്പ് നൽകിയതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. അതിനാൽ റീഫണ്ട് ലഭിക്കാത്തവർ പേരും ടിക്കറ്റ് വിവരങ്ങളും തനിക്ക് മെയിൽ ചെയ്യണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി അഭ്യർത്ഥിച്ചു.
എം.പിയുടെ ഇമെയിൽ വിലാസം: nkprem07@gmail.com
മൂന്ന് ആഴ്ചയ്ക്കുളളിൽ റീഫണ്ട് നൽകണമെന്ന സുപ്രീം കോടതി വിധി വിമാനക്കമ്പനികൾ നടപ്പാക്കാത്തത് പാർലിമെന്ററികാര്യ വിദേശകാര്യ സ്‌റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ ചൂണ്ടിക്കാട്ടിയപ്പോഴാണിത്. റീഫണ്ട് ലഭിക്കാൻ ക്യാൻസലേഷൻ നിരക്ക് ഈടാക്കുന്നതും എം.പി ശ്രദ്ധയിൽപ്പെടുത്തി.
പ്രവാസികളുടെ മടക്കയാത്രയ്ക്ക് കൂടിയ ടിക്ക​റ്റ് നിരക്ക് ‌ഈടാക്കുന്നത് പുനഃപരിശോധിക്കണമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു.

ലോക്ക്ഡൗൺ കാലയളവിൽ ചാർട്ടേർഡ് ഫ്ളൈ​റ്റുകൾ ഈടാക്കിയതിനെക്കാൾ ഉയർന്ന നിരക്കാണ് വന്ദേഭാരത് മിഷൻ വിമാനങ്ങൾക്കുള്ളത്. അടിയന്തിരമായി ഇടപെടാമെന്ന് വ്യോമയാന സെക്രട്ടറി ഉറപ്പു നൽകി. യോഗത്തിൽ എയർ ഇന്ത്യ സി.എം.ഡി രാജീവ് ബൻസാൾ ഉൾപ്പെടെ ഉന്നതഉദ്യോഗസ്ഥരും പങ്കെടുത്തു.

Previous Post Next Post