കോഴിക്കോട്: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി ഒത്തുചേർന്ന് മുന്നോട്ട് പോവാനുള്ള യു.ഡി.എഫ് നീക്കത്തിനെതിരെ സമസ്ത യുവജന വിഭാഗം രംഗത്ത്.
മതേതര രാഷ്ട്രീയം മുന്നോട്ട് വെക്കുന്ന ലീഗും മതരാഷ്ട്ര വാദം ഉന്നയിക്കുന്ന ജമാഅത്ത ഇസ്ലാമിയുമായി ഒത്തുപോവില്ലെന്ന് എസ്.വൈ.എസ് നേതൃത്വം യു.ഡി.എഫിനെ അറിയിച്ചു. വെൽഫെയർ പാർട്ടിയുമായി ഒരു തരത്തിലുള്ള ബന്ധവും പാടില്ലെന്നും ഇതിൽ നിന്നും പിന്മാറണമെന്നും കുഞ്ഞാലിക്കുട്ടിയെ കണ്ടും നേതൃത്വം പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
നാളെ ചേരുന്ന യു.ഡി.എഫ് യോഗത്തിൽ ഇത് ചർച്ചയാകും. വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കില്ല എന്ന ഉറപ്പ് എസ്.വൈ.എസ് നേതാക്കൾക്ക് കുഞ്ഞാലിക്കുട്ടി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞയാഴ്ച യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ ജമാഅത്ത് അമീറിനെ പോയി കണ്ടതിനേയും എസ്.വൈ.എസ് വിമർശിച്ചു.
എന്നാൽ ഒരു മുന്നണിയുമായും സഖ്യമുണ്ടാക്കില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം വെൽഫെയർപാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പ്രതികരിച്ചത്. പ്രാദേശിക തലത്തിൽ മതേതര കക്ഷികളുമായി നീക്ക് പോക്കിനുള്ള അനുമതി കൊടുത്തിട്ടുണ്ടെന്നും ഹമീദ് വാണിയമ്പലം പ്രതികരിച്ചിരുന്നു.