ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ അന്വേഷണം മുസ്ലിം ലീഗ് നേതാക്കളിലേക്ക്


കാസർഗോഡ് :എം. സി ഖമറുദ്ദീൻ എം.എൽ.എയുടെ ഫാഷൻ ഗോൾഡ്‌ ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ മുസ്ലിംലീഗ് നേതൃത്വത്തിന്റെ പങ്കും അന്വേഷകസംഘം പരിശോധിക്കുന്നു. മധ്യസ്ഥനും ജില്ലാ ട്രഷററുമായ കല്ലട്ര മാഹിൻ ഹാജി, ജില്ലാ പ്രസിഡന്റ്‌ ടി ഇ അബ്ദുള്ള, ജില്ലാ സെക്രട്ടറി എ അബ്ദുൾ റഹിമാൻ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യും.

കഴിഞ്ഞ ദിവസം ജ്വല്ലറി എം.ഡി ടി.കെ പൂക്കോയ തങ്ങൾ,  ഡയറക്ടർമാർ, ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ എന്നിവരിൽനിന്ന് ശേഖരിച്ച വിവരത്തിന്റെ  അടിസ്ഥാനത്തിലാണ് അന്വേഷണം ലീഗ് നേതാക്കളിലേക്ക്‌ നീളുന്നത്‌.   ഡയറക്ടറായ കണ്ണൂർ സ്വദേശി സൈനുദ്ദീൻ ഇടനിലക്കാരനായി ബംഗളൂരുവിലെടുത്ത 10 കോടി രൂപയുടെ സ്വത്തിന്റെ രേഖയും ആക്ഷൻ കമ്മിറ്റിയുടെ പക്കലുണ്ടായിരുന്ന പയ്യന്നൂരിലെയും കാസർകോട്ടെയും ഭൂമിയുടെ രേഖകളും ലീഗ് ജില്ലാ നേതൃത്വത്തിന്റെ  പക്കലാണെന്ന് ‌ എംഡിയും ആക്‌ഷൻ കമ്മിറ്റി ഭാരവാഹികളും  അന്വേഷകസംഘത്തിന്‌ മൊഴി നൽകിയിരുന്നു.

ലീഗ് ജില്ലാ കമ്മിറ്റി  നിക്ഷേപമായി നൽകിയ 40 ലക്ഷം രൂപയുടെ വിവരങ്ങളും ശേഖരിക്കും.  പ്രതിമാസം അരലക്ഷത്തിലേറെ രൂപ ലീഗ്‌ ജില്ലാ കമ്മിറ്റിക്ക് ലാഭവിഹിതമായി നൽകിയതായി ജ്വല്ലറി രേഖകളിലുണ്ട്.

Previous Post Next Post