രാജ്യസഭയില്‍ 100 കടന്ന് എൻ. ഡി. എ.





ന്യൂഡൽഹി: കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി ഉൾപ്പടെ ഒമ്പത് ബി.ജെ.പി. സ്ഥാനാർഥികൾ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ രാജ്യസഭയിൽ ബി.ജെ.പി. മേധാവിത്വം വർദ്ധിച്ചു. അതേ സമയം കോൺഗ്രസ് രാജ്യസഭയിൽ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന അംഗസംഖ്യയിലേക്ക് ചുരുങ്ങി.
 242 അംഗ രാജ്യസഭയിൽ 38 അംഗങ്ങൾ മാത്രമാണ് നിലവിൽ കോൺഗ്രസിനുള്ളത്.

 ഉത്തർ പ്രദേശിലെ പത്തും ഉത്തരാഖണ്ഡിലെ ഒന്നുമായി 11 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഒമ്പത് സീറ്റുകളിലേക്ക് ബി.ജെ.പി. സ്ഥാനാർഥികൾ തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ രാജ്യസഭയിൽ ബി.ജെ.പി.യുടെ അംഗ സഖ്യ 92 ആയി. എൻ.ഡി.എ. ഘടകകക്ഷികളായ ജെ.ഡി.യു.വിന് അഞ്ച് അംഗങ്ങളും. ആർ.പി.ഐ., അസം ഗണ പരിഷത്ത്, മിസോറാം നാഷണൽ ഫ്രണ്ട്, എൻ.പി.പി., എൻ.ഡി.എഫ്., പി.എം.കെ., ബി.പി.എഫ്. എന്നീ പാർട്ടികൾക്ക് ഓരോ രാജ്യസഭാ അംഗങ്ങളുമുണ്ട്.
      ഇതോടെ രാജ്യസഭയിൽ എൻ.ഡി.എ.ക്ക് 104 അംഗങ്ങളായി. നാല് നോമിനേറ്റഡ് അംഗങ്ങളുടെ പിന്തുണയും ലഭിക്കും. 242 അംഗ സഭയിൽ 121 അംഗങ്ങളുടെ പിന്തുണയാണ് ബില്ലുകൾ പാസാക്കാൻ വേണ്ടത്.
      ഒമ്പത് എം.പി.മാർ വീതമുള്ള എ.ഐ.എ.ഡി.എം.കെ, ബിജു ജനതാദൾ, ഏഴ് എം.പി.മാരുള്ള ടി.ആർ.എസ്., ആറ് എം.പി.മാരുള്ള വൈ.എസ്.ആർ. കോൺഗ്രസ് എന്നിവർ നിർണ്ണായക ഘട്ടങ്ങളിൽ സർക്കാരിനെ പിന്തുണയ്ക്കാറുമുണ്ട്.
      ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടിക്ക് മൂന്നും ബി.എസ്.പി.ക്ക് ഒന്നും സിറ്റിങ് സീറ്റുകൾ നിയമസഭയിൽ അംഗബലം കുറഞ്ഞതോടെ നഷ്ടമായി.

Previous Post Next Post