ന്യൂഡൽഹി: കോവിഡ് വ്യാപനം നിയന്ത്രിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ. രാത്രികാല കർഫ്യൂ, കണ്ടെയ്ൻമെന്റ് സോണിലെ നിയന്ത്രണം കർശനമാക്കുക, രോഗവ്യാപനം തടയുന്ന തരത്തിലുള്ള പെരുമാറ്റരീതികൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ ഉൾപ്പെടെ ഡിസംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ മാർഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി.
ആൾക്കൂട്ടം നിയന്ത്രിക്കാൻ കര്‍ശന നടപടി സ്വീകരിക്കണം. അധിക പിഴയും നിയന്ത്രണങ്ങളും ഏർപ്പെടുത്തി ആൾക്കൂട്ടം നിയന്ത്രിക്കണം. കോവിഡ് മാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രണങ്ങളും ജനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
കണ്ടെയ്ൻമെന്റ് സോണുകളില്‍ അത്യാവശ്യ പ്രവര്‍ത്തനങ്ങള്‍ മാത്രമേ അനുവദിക്കാവൂ. ഇക്കാര്യത്തില്‍ ലോക്കല്‍ പോലീസ്, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവ ജാഗ്രത പുലര്‍ത്തണം. നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നു എന്ന് ഇവര്‍ ഉറപ്പാക്കേണ്ടതാണ്.
65 വയസിന് മുകളിൽ പ്രായമുള്ളവർ, രോഗങ്ങൾ ഉള്ളവർ, ഗർഭിണികൾ, പത്ത് വയസിൽ താഴെ പ്രായമുള്ള കുട്ടികൾ, എന്നിവർ വീടിനുള്ളിൽ തന്നെ കഴിയണം. ചികിത്സയ്ക്കോ അടിയന്തര ആവശ്യങ്ങൾക്കോ മാത്രമെ ഇവർ പുറത്തിറങ്ങാവൂ.
ഓഫീസുകളില്‍ അടക്കം സാമൂഹിക അകലം ഉറപ്പാക്കണം. പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളില്‍, ഓഫീസ് സമയക്രമീകരണം അടക്കം ഏര്‍പ്പെടുത്തണം. സാമൂഹിക അകലം ഉറപ്പിക്കുന്ന നടപടികളും സ്വീകരിക്കണം. ഏതാനും സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ ആവശ്യപ്പെടുന്നു