സൂക്ഷ്മപരിശോധന കൂടി പൂര്‍ത്തിയതോടെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍


തിരുവനന്തപുരം :തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ സൂക്ഷ്മപരിശോധന കൂടി പൂര്‍ത്തിയതോടെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍. പ്രാദേശിക വിഷയങ്ങള്‍ക്ക് അപ്പുറം സംസ്ഥാന രാഷ്ട്രീയം തന്നെ ചര്‍ച്ചയാക്കിയാണ് മുന്നണികള്‍ കളം പിടിക്കുന്നത്. തെരെഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തു വിട്ട കണക്ക് പ്രകാരം 3130 നാമനിര്‍ദേശ പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ നിരസിച്ചു. സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെയെന്നത് സംബന്ധിച്ച അന്തിമ ചിത്രം രണ്ടു ദിവസത്തിനകം തെളിയും. 23നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി.


ഇന്നലെ രാത്രി വൈകിയും പത്രികകളുടെ സൂക്ഷ്മ പരിശോധന തുടര്‍ന്നു. ലഭ്യമായ കണക്കനുസരിച്ച് 3130 നാമനിര്‍ദേശ പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ തള്ളി. ഗ്രാമപഞ്ചായത്തുകളിലേക്ക് ലഭിച്ച പത്രികകളില്‍ 2,215 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളില്‍ 305 എണ്ണവും ജില്ലാ പഞ്ചായത്തുകളില്‍ 133 എണ്ണവുമാണ് തള്ളിയത്. 477 പത്രികകള്‍ മുനിസിപ്പാലിറ്റികളിലും ആറ് കോര്‍പ്പറേഷനുകളിലായി 121 പത്രികകളും തള്ളിയിട്ടുണ്ട്. അന്തിമ കണക്ക് ഇന്ന് പുറത്ത് വരും. വിമത സ്ഥാനാര്‍ത്ഥികള്‍ മൂന്നു മുന്നണികള്‍ക്കും ഒരുപോലെ തലവേദന സൃഷ്ടിക്കുന്നുണ്ട്. മുന്നണി സമവാക്യങ്ങളില്‍ പോലും ചിലയിടങ്ങളില്‍ വിള്ളല്‍ വീണതോടെ മത്സരരംഗത്തെത്തിയ സ്ഥാനാര്‍ത്ഥികളും ഇത്തവണ നിരവധിയാണ്.


Previous Post Next Post