കോവിഡ് ബാധിതരുടെ വീടിനുമുന്നിൽ പോസ്റ്റർ: സുപ്രീംകോടതി കേന്ദ്രത്തിന്റെ അഭിപ്രായംതേടി



 
ന്യൂഡൽഹി: കോവിഡ് ബാധിതരുടെ വീടുകൾക്കുപുറത്ത് അക്കാര്യം എഴുതിപ്പതിക്കുന്ന സമ്പ്രദായം രാജ്യമൊട്ടുക്ക് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്‌പര്യ ഹർജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിന്റെ അഭിപ്രായം തേടി. രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.

വീടുകൾക്കുമുന്നിൽ എഴുതിവെക്കരുതെന്നും രോഗികളുടെ പേരുകൾ റെസിഡൻസി  അസോസിയേഷനോ വാട്സാപ്പ് ഗ്രൂപ്പുകൾ അടക്കമുള്ളവയ്ക്കോ കൈമാറരുതെന്നും ആവശ്യപ്പെട്ട് കുഷ് കൽര എന്ന അഭിഭാഷകനാണ് സുപ്രീംകോടതിയിൽ പൊതുതാത്‌പര്യ ഹർജി നൽകിയത്. ഇതേ ആവശ്യം മുൻനിർത്തി നേരത്തേ ഡൽഹി സർക്കാരിനെതിരേ ഡൽഹി ഹൈക്കോടതിയിലും ഇദ്ദേഹം ഹർജി നൽകിയിരുന്നു. പേരെഴുതിവെക്കുന്നത് നിർത്തിയതായും നേരത്തേ പതിച്ചവ ഉടൻ നീക്കുമെന്നും ഡൽഹിസർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കുകയും ചെയ്തു.

Previous Post Next Post