കോട്ടയം ജില്ലാ പോലിസ് മേധാവി ശ്രീ ജി ജയദേവ് ഐ പി എസ് , കോട്ടയം ഡി വൈ എസ് പി ആര്‍ ശ്രീകുമാര്‍ , കോട്ടയം വെസ്റ്റ് ഇന്‍സ്പെക്ടര്‍ ശ്രീ എം ജെ അരുണ്‍ , മുന്‍ കോട്ടയം വെസ്റ്റ് ഇന്‍സ്പെക്ടര്‍ ശ്രീ വി എസ് പ്രദീപ് കുമാര്‍ ,സബ് ഇന്‍സ്പെക്ടര്‍ ശ്രീ വി എസ് ഷിബുക്കുട്ടന്‍ , അസിസ്ടന്റ്റ് സബ് ഇന്‍സ്പെക്ടര്‍ പി എന്‍ മനോജ് , സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ അഭിലാഷ് , കോട്ടയം ഡി വൈ എസ് പി ഓഫീസിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ അരുണ്‍ കുമാര്‍ കെ ആര്‍ എന്നിവരെയാണ് ബാഡ്ജ് ഓഫ് ഹോണറിനു തിരഞ്ഞെടുത്തത്.
പോലിസ് സ്റ്റേഷനുകളില്‍ കേസുകളുമായി ബന്ധപ്പെട്ടു സൂക്ഷിച്ചിരിക്കുന്ന തൊണ്ടിമുതലുകള്‍ ക്യൂ ആര്‍ കോഡ് ഉപയോഗിച്ച് ഇന്‍ഡക്സ് ചെയ്തു സൂക്ഷിക്കാനുള്ള ആധുനിക സംവിധാനം “സ്മാര്‍ട്ട് തൊണ്ടി റൂംസ്” എന്ന പേരില്‍ കേരളത്തില്‍ ആദ്യമായി പത്തനംതിട്ടജില്ലാ പോലിസ് മേധാവിആയിരുന്നപ്പോള്‍ നടപ്പോലാക്കിയതിനാണ് ജില്ലാ പോലിസ് മേധാവി ജി ജയദേവ് ഐ പി എസ് നു ബാഡ്ജ് ഓഫ് ഹോണര്‍.
2019 ഏപ്രില്‍ മാസത്തില്‍ നഗരത്തിലെ ഒരു കെട്ടിടത്തിനു മുകളില്‍ തിരിച്ചറിയാന്‍ സാധിക്കാതെ കൊല്ലപ്പെട്ടു കിടന്ന ആളുടെ വിവരങ്ങളും ഘാതകനെയും ശാസ്ത്രീയമായ അന്വേഷണത്തിലൂടെ കണ്ടെത്തിയതിനാണ് കോട്ടയം ഡി വൈ എസ് പി ആര്‍ ശ്രീകുമാര്‍ , കോട്ടയം വെസ്റ്റ് ഇന്‍സ്പെക്ടര്‍ ശ്രീ എം ജെ അരുണ്‍ , സബ് ഇന്‍സ്പെക്ടര്‍ ശ്രീ വി എസ് ഷിബുക്കുട്ടന്‍ , അസിസ്ടന്റ്റ് സബ് ഇന്‍സ്പെക്ടര്‍ പി എന്‍ മനോജ് , സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ അഭിലാഷ് എന്നിവര്‍ക്ക് ബാഡ്ജ് ഓഫ് ഹോണര്‍. മരിച്ചത് ആരെന്നോ കൊന്നത് ആരെന്നോ അറിയാതെ പോലിസിനെ കുഴക്കിയ ഈ കേസില്‍ ഏകദേശംഅയ്യായിരത്തിലധികം ഫോണ്‍ നമ്പരുകളും , അതിലേറെ അന്യ സംസ്ഥാന തൊഴിലാളികളെയും അഞ്ഞൂറോളം സി സി ടി വി ക്യാമറകളും പരിശോധിച്ചാണ് മികവുറ്റ രീതിയില്‍ പോലിസ് ഈ കേസ് തെളിയിച്ചത്. തന്റെ ഉറ്റ ചങ്ങാതിയായ പുഷ്നാത് സൈബിയയുടെ യുടെ ബാങ്ക് അക്കൌണ്ടില്‍ നാലുലക്ഷത്തിലധികം രൂപ ഉണ്ടെന്നു കണ്ടെത്തിയ അപ്പു റോയ് പണത്തിനു വേണ്ടി തന്റെ ഉറ്റ ചങ്ങാതിയെ മദ്യപിക്കാന്‍ വേണ്ടി വിളിച്ചു വരുത്തി കൊലപാതകം നടത്തിയതിനു ശേഷം എ ടി എം കാര്‍ഡുമായി ബംഗ്ലൂരില്‍ ഒളിവില്‍ പോയ സംഭവമാണ് പോലിസ് ശാസ്ത്രീയമായി തെളിയിച്ചത്.
കോട്ടയം ജില്ലാ പോലീസിന്റെ അഭിമാന പദ്ധതിയായ ഓപ്പറേഷന്‍ ഗുരുകുലം പദ്ധതിയുടെ മികവുറ്റ നടത്ത്തിപ്പിനാണ് കോട്ടയം ഡി വൈ എസ് പി ഓഫീസിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ അരുണ്‍കുമാര്‍ കെ ആര്‍ നു ബാഡ്ജ് ഓഫ് ഹോണര്‍. 2013 ല്‍ തുടങ്ങിയ ഈ പദ്ധതിയിലൂടെ ഏകദേശം 2000 കുട്ടികളെയും കുടുംബങ്ങളെയും മയക്കുമരുന്നുകളുടെ പിടിയില്‍ നിന്നും ലൈംഗിക ചൂഷണങ്ങളില്‍ നിന്നും ഇലക്ടോണിക് ഉപകരണങ്ങളുടെ അമിത ഉപയോഗത്തില്‍ നിന്നും രക്ഷപ്പെടുത്തി പുനരധിവാസം നടത്തിയ സ്തുത്യര്‍ഹമായ സാമൂഹ്യ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായാണ് പുരസ്കാരം. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, മറ്റു വേദികള്‍ എന്നിവിടങ്ങളില്‍ ആയിരത്തിലധികം ബോധവത്ക്കരണ ക്ലാസുകളും അരുണ്‍ കുമാര്‍ എടുത്തിട്ടുണ്ട്.