കോഴിക്കോട്: മുക്കുപണ്ടം പണയം വെച്ച് ഒന്നരക്കോടിയിലേറെ രൂപ തട്ടിയെടുത്ത ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സ്ത്രീ പിടിയില്‍. കോഴിക്കോട് നഗരത്തിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ വയനാട് പുല്‍പ്പള്ളി ഇരുളം സ്വദേശി ബിന്ദുവാണ് അറസ്റ്റിലായത്. യൂണിയന് ബാങ്കിൻ്റെ നഗരത്തിലെ ശാഖയിലാണ് മുക്കുപണ്ട തട്ടിപ്പ് നടന്നത്.
ഫെബ്രുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ അഞ്ചര കിലോ മുക്കുപണ്ടം പലപ്പോഴായി ബാങ്കില്‍ പണയം വച്ചാണ് ഒരുകോടി 69 ലക്ഷം രൂപ തട്ടിയെടുത്ത്. ബ്യൂട്ടി പാര്‍ലര്‍ കൂടാതെ നഗരത്തില്‍ റെയ്മെയ്ഡ്, ടൈലറിങ് ഷോപ്പ് എന്നിവ നടത്തുന്ന ബിന്ദുവിനെ ടൗണ്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. ബിന്ദുവിന്റെ പേരില്‍ ചിട്ടിത്തട്ടിപ്പിന്റെ പേരിലും വയനാട്ടില്‍ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. യൂണിയന് ബാങ്കിലെ ഓഡിറ്റിംഗിനിടയിലാണ് മുക്കുപണ്ട തട്ടിപ്പ് കണ്ടെത്തിയത്.