മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ഒരു കോടിയിലധികം രൂപയുടെ സ്വർണവുമായി കോഴിക്കോട് സ്വദേശിയെ കസ്റ്റംസ് പിടികൂടി. ദുബായിയിൽ നിന്നെത്തിയ വിമാനത്തിലാണ് ഇയാൾ സ്വർണം കൊണ്ടുവന്നത്.
സുരക്ഷ പരിശോധനയ്ക്കിടെ സംശയം തോന്നിയ യുവാവിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് രണ്ടു കിലോയിലധികം വരുന്ന സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം നാല് ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചു വച്ച നിലയിലും എമർജൻസി ലൈറ്റിനുള്ളിൽ ബാറ്ററിയുടെ ഭാഗത്ത് ഒളിപ്പിച്ചു വച്ച നിലയിലുമായിരുന്നു.
വിമാനത്താവളം പ്രവർത്തനം ആരംഭിച്ച ശേഷം ആദ്യമായാണ് ഒരാളിൽ നിന്നു ഇത്രയധികം സ്വർണം പിടികൂടുന്നത്. സ്വർണവുമായി അറസ്റ്റിലായ കോഴിക്കോട് സ്വദേശിയെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്.