ന്യൂഡൽഹി: കാർഷിക കരിനിയമങ്ങൾ പിൻവലിക്കാതെ ഒരിഞ്ചും പിന്നോട്ടില്ലെന്ന കർഷകരുടെ കരുത്തുറ്റ നിലപാടിനു മുന്നിൽ അടിപതറി തീരുമാനം എടുക്കാനാകാതെ കേന്ദ്ര സർക്കാർ.
കേന്ദ്ര സർക്കാർ വിളിച്ചുചേർത്ത അഞ്ചാംവട്ട ചർച്ചയും പരാജയപ്പെട്ടതോടെ സമരം കൂടുതൽ ശക്തമാക്കാനാണു കർഷകരുടെ തീരുമാനം. വിവിധ സംസ്ഥാനങ്ങളിൽനിന്ന് ഡൽഹിയുടെ അതിർത്തിയിലേക്ക് സ്ത്രീകൾ ഉൾപ്പെടെ ആയിരക്കണക്കിനു കർഷകർ ഒഴുകിയെത്തുകയാണ്.
ഇന്നലെ നടന്ന ചർച്ച തീരുമാനമില്ലാതെ നീണ്ടു പോയപ്പോൾ കർഷക നേതാക്കൾ മന്ത്രിമാർക്കു മുന്നിൽ "യെസ് ഓർ നോ, നോ ചർച്ച’ എന്നെഴുതിയെ കടലാസ് ഉയർത്തിക്കാട്ടി മൗന പ്രതിഷേധം നടത്തി. ചർച്ചയ്ക്കിടെ നിയമം ഭേദഗതി ചെയ്യാം എന്നു മന്ത്രിമാർ ആവർത്തിച്ചപ്പോൾ സർക്കാർ ഒരു കൃത്യമായ തീരുമാനവും നിലപാടും വ്യക്തമാക്കിയില്ലെങ്കിൽ തങ്ങൾ ചർച്ച ബഹിഷ്കരിച്ച് ഇറങ്ങിപ്പോകും എന്ന് കർഷക നേതാക്കൾ മുന്നറിയിപ്പു നൽകി. പിന്നീട് മന്ത്രിമാർ അനുനയിപ്പിക്കുകയായിരുന്നു.
ഒടുവിൽ ഒൻപതിന് ചർച്ചയ്ക്കായി വീണ്ടും കാണാമെന്നു കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ നിർദേശിച്ചു. അഞ്ചു മണിക്കൂർ നീണ്ട ചർച്ചയിൽ പരിഹാരം തെളിയാതെ വന്നപ്പോൾ സർക്കാരിന് ആഭ്യന്തര തലത്തിൽ കൂടിയാലോചനയ്ക്ക് കൂടുതൽ സമയം വേണമെന്നു മന്ത്രി പറഞ്ഞു. സർക്കാരിന്റെ നിർദേശങ്ങൾ ഒൻപതാം തീയതി രേഖാമൂലം നൽകണമെന്നും അതു ചർച്ചചെയ്തശേഷം അന്നു തന്നെ വീണ്ടും സർക്കാരുമായി ചർച്ച നടത്തുന്ന കാര്യത്തിൽ തീരുമാനം എടുക്കാമെന്നും ഇതിനോട് കർഷക നേതാക്കൾ പ്രതികരിച്ചു. എന്നാൽ, ചൊവ്വാഴ്ചത്തെ ഭാരത ബന്ദുമായി മുന്നോട്ടു പോകുമെന്നും ഭാരതീയ കിസാൻ യൂണിയൻ അറിയിച്ചു.
ഒന്നുകിൽ നിയമങ്ങൾ പിൻവലിക്കണം അല്ലെങ്കിൽ തങ്ങൾക്ക് നേരെ വെടിയുതിർക്കണം എന്നുവരെ ചർച്ചയ്ക്കിടയിൽ കർഷക നേതാക്കൾ പൊട്ടിത്തെറിച്ചു. നിയമങ്ങൾ പൂർണമായും പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട കർഷകരോട് പ്രായോഗികമായി അത് നടപ്പില്ലെന്നും ഭേദഗതി ചെയ്യാമെന്നുമാണ് സർക്കാർ വീണ്ടും പറഞ്ഞത്. നിയമങ്ങൾ പിൻവലിക്കുക എന്നതിനപ്പുറം സർക്കാർ മുന്നോട്ട് വയ്ക്കുന്ന ഒരു ഉപാധിക്കും വഴങ്ങില്ലെന്നു കർഷക നേതാവ് ഭൂട്ടാ സിംഗ് പറഞ്ഞു. താങ്ങു വില തുടരുമെന്നും അതിൻമേലുളള സംശയങ്ങൾ അടിസ്ഥാന രഹിതമാണെന്നും താങ്ങുവില സംബന്ധിച്ച ഇനിയും പ്രശ്നമുണ്ടെങ്കിൽ അത് പരിഹരിക്കാൻ തയാറാണെന്നുമായിരുന്നു ചർച്ചയ്ക്ക് ശേഷം കൃഷിമന്ത്രിയുടെ പ്രതികരണം.
ഇന്നലെയും കേന്ദ്ര സർക്കാരിന്റെ വക പച്ചവെള്ളം പോലും കുടിക്കാൻ കൂട്ടാക്കാതിരുന്ന കർഷകർ തങ്ങളുടെ ലംഗാറിൽ നിന്നു കൊണ്ടുവന്ന ഭക്ഷണമാണ് വിജ്ഞാൻ ഭവന്റെ നിലത്തിരുന്നു കഴിച്ചത്.