സ്വപ്നയ്‌ക്കെതിരായ ഭീഷണിക്കു പിന്നില്‍ സര്‍ക്കാരെന്നു രമേശ് ചെന്നിത്തല.








കോഴിക്കോട്: സ്വപ്നയ്‌ക്കെതിരായ ഭീഷണിക്കു പിന്നില്‍ സര്‍ക്കാരെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്ന സുരേഷിന്റെ മൊഴിയും രവീന്ദ്രന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളും കൂട്ടിവായിച്ചാല്‍ സ്വര്‍ണക്കടത്തുകേസ് അട്ടിമറിക്കാന്‍ ബോധപൂര്‍വമായ നീക്കം നടക്കുന്നുവെന്നു വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ആരാണു റിവേഴ്‌സ് ഹവാലയിലെ ഉന്നതനെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. ആരാണു ഭരണഘടനാപദവി വഹിക്കുന്ന വ്യക്തിയെന്നു ജനങ്ങള്‍ അറിയണം.

ഞെട്ടിക്കുന്ന വസ്തുതയാണെന്നു കോടതി പറഞ്ഞിട്ടുണ്ട്. വാസ്തവത്തില്‍ സീല്‍ വച്ച കവറിലെ കാര്യങ്ങള്‍ വായിച്ചാല്‍ ജനങ്ങള്‍ ബോധരഹിതരാകും. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ ആശുപത്രിവാസം ദുരൂഹമാണ്. രവീന്ദ്രനെ എയിംസിലെ ഡോക്ടര്‍മാര്‍ പരിശോധിക്കണം. നോട്ടീസ് നല്‍കുന്‌പോഴെല്ലാം രവീന്ദ്രന്‍ ആശുപത്രിയില്‍ പോകുകയാണ്. രവീന്ദ്രനു സുരക്ഷിതത്വം ഏര്‍പ്പെടുത്തണം. അദ്ദേഹത്തിനു ജീവനു ഭീഷണിയുണ്ടെന്ന വാര്‍ത്തകള്‍പോലും പുറത്തുവരുന്നുണ്ടെന്നു ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയന്‍. സിപിഎമ്മിന്റെ നില പരുങ്ങലിലായതു കൊണ്ടാണ് അവര്‍ കോണ്‍ഗ്രസിനെ ആക്രമിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.


Previous Post Next Post