കോട്ടയം :ബാര്‍കോഴക്കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പാലാ രൂപതയുടെ മുഖപത്രം ‘ദീപനാളം’.
ചെന്നിത്തലയുടെ മുഖ്യമന്ത്രി സ്ഥാനമോഹത്തെ പിന്തുണയ്ക്കാതിരുന്നതിലാണ് കെഎം മാണിയെ വിജിലന്‍സ് അന്വേഷണത്തില്‍ കുടുക്കിയത് മുഖപത്രത്തില്‍ പറയുന്നു.
കേസില്‍ മാണിയെ കുടുക്കാനാണ് ചെന്നിത്തല വിജിലന്‍സ് ത്വരിത അന്വേഷണത്തിന് അനുമതി നല്‍കിയതെന്നും ‘ദീപനാളം’ പറയുന്നു. കഴിഞ്ഞദിവസം ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും രൂപതാ ആസ്ഥാനം സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഭാ മുഖപത്രത്തിന്റെ വിമര്‍ശനം.
മുഖപത്രത്തിലെ പരാമര്‍ശങ്ങള്‍ ഇങ്ങനെ: ”ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാന്‍ സഹായിക്കാത്തത് കൊണ്ടാണ് തനിക്കെതിരെ വിജിലന്‍സ് അന്വേഷണമുണ്ടായതെന്ന് മാണി വെളിപ്പെടുത്തിയിരുന്നു. ഇതിനായി ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരനെയാണ് ചെന്നിത്തല കെഎം മാണിയെ കാണാനയച്ചത്. ഉമ്മന്‍ചാണ്ടിയെ മാറ്റി രമേശിനെ മുഖ്യമന്ത്രിയാക്കാന്‍ സഹായിക്കണമെന്നായിരുന്നു ആവശ്യം. അതു വയ്യെന്നു കെഎം മാണി അറിയിച്ചു. ബാര്‍കോഴ ആരോപണം ഉയരുമ്പോള്‍ ചെന്നിത്തല അമേരിക്കയിലായിരുന്നു. ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ മൂന്നാം ദിവസം, മടങ്ങിയെത്തിയ അദ്ദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍വച്ചുതന്നെ വിജിലന്‍സ് അന്വേഷണത്തിനുള്ള ഫയലില്‍ ഒപ്പിട്ടു. മന്ത്രിസഭയിലെ ഏറ്റവും മുതിര്‍ന്ന അംഗത്തിനെതിരേ വേണ്ടത്ര ചര്‍ച്ചയും കൂടിയാലോചനയുമില്ലാതെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതില്‍ മാണി അസ്വസ്ഥനായിരുന്നു. മദ്യവ്യവസായിയുടെ ആരോപണത്തേക്കാള്‍, അദ്ദേഹത്തെ വേദനിപ്പിച്ചതും അതായിരുന്നു. ത്വരിതാന്വേഷണം പ്രഖ്യാപിച്ചിരുന്നില്ലെങ്കില്‍, അതു നീട്ടിനീട്ടി കൊണ്ടുപോയിരുന്നില്ലെങ്കില്‍ ബാര്‍കോഴ കേസ് അത്രയ്ക്കും വഷളാകുമായിരുന്നില്ല. അദ്ദേഹത്തിന്റെ മരണം അത്രയ്ക്കു വേഗത്തിലാകുമായിരുന്നില്ല.