തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കള്ളവോട്ട് തടയാന്‍ കര്‍ശന നടപടി സ്വീകരിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍. പ്രശ്ന ബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തുമെന്നും തിരിച്ചറിയല്‍ കാര്‍ഡുകളുടെ പരിശോധന കാര്യക്ഷമമാക്കുമെന്നും കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. കള്ളവോട്ടും ആള്‍മാറാട്ടവും തടയാന്‍ നടപടി വേണമെന്നുള്ള ഒരുപറ്റം ഹര്‍ജികളില്‍ ആണ് കമ്മീഷന്‍ നിലപാട് അറിയിച്ചത്.
കമ്മീഷന്‍ സ്വീകരിച്ച നടപടികള്‍ തൃപ്തികരമാണെന്ന് ഹൈക്കോടതി അറിയിച്ചു. നടപടികള്‍ കര്‍ശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സുരക്ഷ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച സ്ഥാനാര്‍ത്ഥികളുടെ പരാതി പരിശോധിച്ച് സുരക്ഷ നല്‍കാന്‍ പൊലീസിന് കോടതിയുടെ നിര്‍ദേശം നല്‍കി.
പ്രശ്നബാധിതമല്ലാത്ത ബൂത്തുകളില്‍ സ്ഥാനാര്‍ത്ഥികള്‍ ആവശ്യപ്പെട്ടാല്‍ വീഡിയോ ചിത്രീകരണം നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇതിനുള്ള ചെലവ് സ്ഥാനാര്‍ത്ഥികള്‍ വഹിക്കണം എന്നാണ് നിര്‍ദ്ദേശം.
മൂന്നാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ പതിനാല് തിങ്കളാഴ്ചയാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അവസാനഘട്ട വോട്ടെടുപ്പ് നടക്കുക. എല്ലാം സ്ഥലത്തും രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാവും വോട്ടെടുപ്പ്. ഡിസംബര്‍ 16 ബുധനാഴ്ചയാണ് ഫലപ്രഖ്യാപനം നടത്തുക.