കോട്ടയം: സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ യുവാവ് റിമാന്‍ഡിലിരിക്കേ മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി ഷഫീഖ് തൈപ്പറമ്പില്‍(35) ആണ് കോട്ടയം മെഡിക്കല്‍ കോളജില്‍ മരിച്ചത്.
സാമ്പത്തിക തട്ടിപ്പ് കേസില്‍ ഉദയംപേരൂര്‍ പോലീസാണ് തിങ്കളാഴ്ച ഷഫീഖിനെ അറസ്റ്റ് ചെയ്തത്. കാക്കനാട് ജയിലിലെ കോവിഡ് സെന്ററില്‍ റിമാന്‍ഡില്‍ കഴിയവേ ഇന്ന് പുലര്‍ച്ചെയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
അപസ്മാരം ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ജയില്‍ അധികൃതര്‍ നല്കുന്ന വിശദീകരണം. എന്നാല്‍ പരിശോധനയ്ക്കിടെ തലയില്‍ രക്തസാവ്രം കണ്ടെത്തിയതായി മെഡിക്കല്‍ കോളജ് അധികൃതര്‍ സ്ഥിരീകരിച്ചു. രക്തസാവ്രം പരിഹരിക്കുന്നതിന് ശസ്ത്രക്രിയ നടത്താനിരിക്കേ ഇന്ന് ഉച്ചയ്ക്കാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
മര്‍ദ്ദനം മൂലമാണ് യുവാവ് മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഷഫീഖിന്റെ തലയിലും മുഖത്തും മുറിവുകളുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.