പഴമയെ തൊട്ടറിഞ്ഞ തഴയും തഴപ്പായയും ഓര്‍മ്മകളില്‍ മറഞ്ഞുകഴിഞ്ഞു




കൈതൂ മണം നാടു കടു...
തഴയും തഴായയും 
ഓയ്യകളിണ്‍ മാത്രം  ഗ്രാമത്തനിമയുടെ പഴമയെ തൊട്ടറിഞ്ഞ തഴയും തഴപ്പായയും ഓര്‍മ്മകളില്‍ മറഞ്ഞുകഴിഞ്ഞു. ഒരുകാലത്ത് മലയാണ്‍മയെ ഇഴ ചേര്‍ത്തിരുന്ന തഴപ്പായ നൂതന യുഗത്തില്‍ പ്ലാസ്റ്റിക്കിനു വഴിമാറിയിരിക്കുകയാണ്. 

ഗ്രാമാന്തരങ്ങളില്‍ സമൃദ്ധമായിരുന്ന തഴ ഇല്ലാതായി. തഴമുറിച്ചെടുത്ത് തെറുത്ത് ചൂടു വെള്ളത്തില്‍ പുഴുങ്ങി ഉണക്കിയാണ് പായ നിര്‍മ്മാണത്തിന് സജ്ജമാക്കിയിരുന്നത്. തഴപ്പായിലുള്ള ഉറക്കവും തണുപ്പും സുഖകരമായിരുന്നു എന്ന് പഴമക്കാര്‍ പറയുന്നു. 

പുഴുങ്ങി അണുവിമുക്തമാക്കുന്ന തഴ നെയ്തെടുക്കുന്നതിലും ഒരു താളമുണ്ടായിരുന്നു. കോട്ടയം ജില്ലയിലെ മിക്ക ഗ്രാമപ്രദേശങ്ങളില്‍ വയല്‍ മേഖലയിലും വീടുകള്‍ കേന്ദ്രീകരിച്ച് തഴപ്പായ നിര്‍മ്മാണം ഒരു കല തന്നെ ആയിരുന്നു. കടുത്തുരുത്തി, വൈക്കം, കുറവിലങ്ങാട്, കുമരകം, നീണ്ടൂര്‍, കല്ലറ തുടങ്ങിയ പ്രദേശങ്ങളില്‍ തഴപ്പായ നിര്‍മ്മാണത്തിനും വിപണനത്തിനുമായി ഗ്രാമീണ കൂട്ടായ്മകള്‍ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഇതെല്ലാം വിസ്മൃതിയിലേക്ക് മാഞ്ഞു. 

പുതു തലമുറ പാരമ്പര്യ കൈതൊഴിലുകള്‍ പഠിക്കുന്നതില്‍ നിന്ന് പുറകോട്ട് പോകുന്നതിന്റെ ഭാഗമായാണ് തഴപ്പായ നിര്‍മ്മാണവും നിലച്ചത്. എന്നാല്‍ ഇതിനെ മാറോട് ചേര്‍ത്തു പിടിക്കുന്ന പഴമയുടെ പിന്‍തലമുറക്കാര്‍ ഇന്നും ഈ തൊഴില്‍ കൊണ്ടു നടക്കുന്നുണ്ട്. പണ്ട് വരുമാന മാര്‍ഗ്ഗമായിരുന്ന ഈ മേഖല നിലച്ചതോടെ പലരും മറ്റ് തൊഴിലിലേക്ക് പോയി. എങ്കിലും ഓര്‍മ്മകളെ തൊട്ടുണര്‍ത്തി അപൂര്‍വ്വമായി ചിലയിടങ്ങളില്‍ തഴ വളരുന്നുണ്ട്. എന്നാല്‍ ആരും ഗൗനിക്കാറില്ല എന്നതാണ് വാസ്തവം.

 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്രാമീണ സ്ത്രീകള്‍ പരമ്പരാഗതമായി ചെയ്തിരുന്ന ജോലികളും ഇല്ലാതായിരിക്കുകയാണ്.
കുട്ടനെയ്ത്ത്, പായ്നെയ്ത്ത്, ഓലമെടയല്‍ തുടങ്ങിയ പരമ്പരാഗത തൊഴിലുകള്‍ കൈവെടിഞ്ഞ് നാഗരികതയിലെ വൈറ്റ് കോളര്‍ ജോലി നോക്കിപോകുമ്പോള്‍ പരമ്പരാഗത തൊഴിലും നാടന്‍ ജീവിത രീതികളും തീര്‍ത്തും അവഗണിയ്ക്കപ്പെട്ടു. പണ്ട് പരമ്പരാഗത തൊഴിലുകളെ ആശ്രയിച്ചായിരുന്നു പല സ്ത്രീകളും കുടുംബം പുലര്‍ത്തിയിരുന്നത്. എന്നാല്‍ ഇന്ന് ഇത്തരം തൊഴിലുകള്‍ പിന്നാമ്പുറത്തേക്ക് മാറിക്കഴിഞ്ഞു. കാര്‍ഷിക ജോലികള്‍ക്ക് പുറമെ ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകള്‍ കുത്തകയായി കൊണ്ടുനടന്ന തൊഴിലുകളില്‍ പ്രധാനമായിരുന്നു പായ്, പൂക്കൂടകള്‍, വട്ടികള്‍ എന്നിവയുടെ നിര്‍മ്മാണം. കേവല ഉപജീവനത്തിനുള്ള മാര്‍ഗ്ഗം എന്നതിനപ്പുറം കലാപരമായ ആവിഷ്‌ക്കാരം കൂടിയായിരുന്നു അവര്‍ക്ക് ഇത്തരം ജോലികള്‍. 

മെയ്യും മനവും സമര്‍പ്പിച്ച് രാവെളുക്കുവോളമിരുന്നായിരുന്നു പലപ്പോഴും പണി തീര്‍ക്കുന്നത്. എന്നാല്‍ ഇന്ന് ഇവ കാലയവനികയുടെ താളുകളില്‍ നിന്ന് മായുകയാണ്.


أحدث أقدم