തിരു : രാജ്യത്ത് തന്നെ ആദ്യമായി രോഗം സ്ഥിരീകരിച്ച കേരളത്തിന്റെ കോവിഡ് പോരാട്ടത്തിന് ഇന്ന് ഒരു വയസ്. ആദ്യ രണ്ടു ഘട്ടങ്ങളിലും മികച്ച പ്രതിരോധമൊരുക്കിയ സംസ്ഥാനം ഈ ഘട്ടത്തില്‍ സമ്പര്‍ക്ക വ്യാപനത്തിന് മുമ്പില്‍ പകച്ച് നില്‍ക്കുകയാണ്. പരിശോധനകള്‍ കൂട്ടണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം ഇതുവരെ നടപ്പായിട്ടില്ല.
തൃശൂരില്‍ വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് കൊറോണ സ്ഥിരീകരിക്കുമ്പോള്‍ രാജ്യം തന്നെ, ചൈനയില്‍ പടര്‍ന്നു പിടിച്ച മാരക വൈറസിനേക്കുറിച്ച് കേട്ടു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുളളു. പിന്നാെല ചൈനയില്‍ നിന്നെത്തിയ മൂന്നു വിദ്യാര്‍ഥികളില്‍ കൂടി രോഗം കണ്ടെത്തിയെങ്കിലും വൈറസ്ബാധ അവരിലൊതുക്കാന്‍ ആരോഗ്യരംഗത്തിനായി. മാര്‍ച്ച് എട്ടിന് ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിന് രോഗം സ്ഥിരീകരിക്കുമ്പോള്‍ കൊറോണ കോവിഡായി പേരുമാറി ലോകം മുഴുവന്‍ താണ്ഡവം തുടങ്ങിയിരുന്നു. ആദ്യഘട്ടത്തില്‍ രോഗം ബാധിച്ച റാന്നി സ്വദേശികളായ 93 കാരന്‍ തോമസും 88 കാരി മറിയാമ്മയും സുഖം പ്രാപിച്ച് വീട്ടിലേയ്ക്ക് മടങ്ങിയത് ആരോഗ്യകേരളത്തിന്റ ആത്മവിശ്വാസം കൂട്ടി. പ്രവാസികള്‍ക്ക് വീട്ടില്‍ ക്വാറന്റീന്‍, രോഗബാധിതരുടെ സമ്പര്‍ക്കപ്പട്ടിക കൃത്യമായി തയാറക്കല്‍ തുടങ്ങിയവയിലൂടെ കേരളം ലോകത്തിന്റെ മുഴുവന്‍ പ്രശംസ പിടിച്ചുപറ്റി.
ലോക്ഡൗണിനുശേഷം പുറത്തു നിന്നെത്തുവരെ ഭയപ്പെട്ട നമുക്ക് തീരദേശത്തുള്‍പ്പെടെ സംഭവിച്ച രോഗവ്യാപനം മുന്‍കൂട്ടിക്കാണുന്നതില്‍ പിഴവുപറ്റി. ജൂലൈ 18ന് രാജ്യത്ത് തന്നെ ആദ്യമായി പൂന്തുറയിലും പുല്ലുവിളയിലും സമൂഹ വ്യാപനം സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം ആദ്യ അഞ്ഞൂറിലെത്താന്‍ മൂന്നു മാസമെടുത്തെങ്കില്‍ പിന്നീടുളള ഒന്‍പത് മാസംകൊണ്ട് ഒന്‍പത് ലക്ഷം കടന്ന് കോവിഡ് ബാധിതര്‍. ലോക്ഡൗണ്‍, ഹോട്ട്സ്പോട്ട്, മാസ്ക്, സാനിറ്റൈസര്‍ എല്ലാം നിത്യജീവിതത്തിന്റെ ഭാഗമായി. ആദ്യഘട്ടത്തിലെ കരുതല്‍ ഒാണാഘോഷത്തിലും തദ്ദേശ തെരഞ്ഞെടുപ്പിലും കൈവിട്ടു.
മേനി പറച്ചിലിനോ പരിധിയില്‍ക്കവിഞ്ഞ കുറ്റപ്പെടുത്തലിനോ ഉളള സമയമല്ല. പരിശോധനകള്‍ വര്‍ധിപ്പിച്ചും സമൂഹം ജാഗ്രത കൂട്ടിയും കോവിഡിനെതിരായ പോരാട്ടം ഇനിയുമേറെ മുന്നോട്ട് പോകാനുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് പെരുകുന്ന കണക്കുകള്‍