മധുര കാമരാജ് സർവകലാശാലയുടെ പേരിൽ തട്ടിപ്പ് , കോട്ടയത്ത് രണ്ടു പേർ അറസ്റ്റിൽ





കോട്ടയം:  മധുര കാമരാജ് സർവകലാശാലയുടെ പേരിൽ തട്ടിപ്പ് - കോട്ടയം സ്റ്റാർ ജംഗ്ഷനിലെ എയ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറ്ക്ടർമാർ പിടിയിൽ.

വിദൂര പഠനം വഴി ഉന്നത ബിരുദം നേടാമെന്നു വിശ്വസിപ്പിച്ച് സാധാരണക്കാരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത ഓൾ ഇന്ത്യ ഡിസ്റ്റൻസ് എഡ്യുക്കേഷൻ (എയ്ഡ് ഇൻസ്റ്റിറ്റിയൂഷൻ) മാനേജിംങ് ഡയറക്ടർമാരാണ് അറസ്റ്റിലായത്. മാസങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ വെസ്റ്റ് പൊലീസാണ് പിടികൂടിയത്. മലപ്പുറം കോട്ടൂർ മങ്ങാട്ടുപുലം പുവല്ലൂർ ഷഷീഫ് (32), വെസ്റ്റ് കോട്ടൂർ പിച്ചൻ കുന്നശേരി വീട്ടിൽ അബ്ദുൾ ആഷിഫ് (32) എന്നിവരെയാണ് കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ അറസ്റ്റ് ചെയ്തത്. 

ഇത്തരത്തിൽ മധുര കാമരാജ് യൂണിവേഴ്‌സിറ്റിയുടെ മൂന്നു വർഷ ബിബിഎ സർട്ടിഫിക്കറ്റ് ആറുമാസം കൊണ്ടു നൽകാമെന്നു വിശ്വസിപ്പിച്ച് കൊല്ലം സ്വദേശിയായ യുവാവിൽ നിന്നും 33,000 രൂപ ഫീസായി വാങ്ങിയ ശേഷം, ഇതേ സർവകലാശാലയിൽ രജിസ്റ്റർ ചെയ്ത മറ്റൊരു വിദ്യാർത്ഥിയുടെ ഹാൾടിക്കറ്റ് നമ്പർ വ്യാജമായി നൽകിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. ഇത്തരത്തിൽ തട്ടിപ്പിന് ഇരയായ വിദ്യാർത്ഥി അന്വേഷിച്ചപ്പോഴാണ് സർവകലാശാലയിൽ ഇയാളുടെ പേര് പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്നു കണ്ടെത്തിയത്. 

തുടർന്ന് വെസ്റ്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു.  പ്രതികളെ വെസ്റ്റ് എസ്.ഐ ടി.ആർ ശ്രീജിത്ത്, എസ്.ഐ കുര്യൻ മാത്യു, സീനിയർ സിവിൽ പൊലീസ് ഓഫിസർ സാബു സണ്ണി എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ പിന്നീട് ജാമ്യത്തിൽ വിട്ടു. 

സംസ്ഥാനത്തെമ്പാടും ശാഖകളുള്ള തട്ടിപ്പ് സ്ഥാപനത്തിന്റെ വ്യാജ സർട്ടിഫിക്കറ്റുകൾ പലർക്കും ലഭിച്ചിട്ടുണ്ടെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഈ സ്ഥാപനത്തിൽ പഠിച്ചവർ സർട്ടിഫിക്കറ്റുകൾ പരിശോധനയ്ക്കു വിധേയമാക്കണമെന്നും പൊലീസ് അറിയിച്ചു.


أحدث أقدم