തിരുവനന്തപുരം : സംസ്ഥാനത്തു കോവിഡ് വ്യാപിക്കുന്നതിനിടെ സെക്രട്ടേറിയേറ്റിൽ മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും മൂക്കിനു താഴെ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി തിരഞ്ഞെടുപ്പ്. സെക്രട്ടേറിയേറ്റ് ക്യാന്റീൻ ഭരണസമിതിയുടെ തിരഞ്ഞെടുപ്പിലാണ് നൂറുകണക്കിനു ജീവനക്കാരുടെ തള്ളിക്കയറ്റം ഉണ്ടായത്.
കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നതായി മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പിറ്റേന്നു തന്നെ അതെല്ലാം ഭരണ സിരാകേന്ദ്രത്തിൽ ലംഘിക്കപ്പെടുന്ന കാഴ്ചയുണ്ടാകുന്നത്.
സെക്രട്ടേറിയറ്റിലെ 5,500 വോട്ടർമാർക്കായി ഡർബാർ ഹാളിലും സൗത്ത് കോൺഫറൻസ് ഹാളിലുമാണ് ബൂത്തുകൾ ഒരുക്കിയത്. ധന, നിയമ വകുപ്പുകളിലെ ജീവനക്കാർക്ക് സൗത്ത് കോൺഫറൻസ് ഹാളിലായിരുന്നു ബൂത്ത്.
മറ്റു വകുപ്പുകളിലെ ജീവനക്കാർക്ക് ഡർബാർ ഹാളിലും. രാവിലെ 10നു തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് അഞ്ചു മണി വരെയായിരുന്നു. 24 സ്ഥാനാർത്ഥികളാണു മത്സര രംഗത്തുണ്ടായിരുന്നത്. രാജ്യത്തെ കോവിഡ് ബാധിതരിൽ പകുതിയും കേരളത്തിലായതിനാൽ നിയന്ത്രണം കർശനമാക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനത്തിനു അധികൃതർ പോലും വില കൽപ്പിക്കുന്നില്ലെന്നതാണ് ഇത് വ്യക്തമാക്കുന്നത്.