റാന്നിയിൽ കണ്ണുനട്ട് കേരള കോൺഗ്രസ് ലക്ഷ്യം സിപിഎമ്മിന്റെ സിറ്റിങ് സീറ്റ്




പത്തനംതിട്ട : നിയമസഭാതിരഞ്ഞെടുപ്പില്‍ റാന്നി സീറ്റില്‍ വിശ്വാസമുറപ്പിച്ച് കേരളകോണ്‍ഗ്രസ് എം. പത്തനംതിട്ടയില്‍ ഒരുസീറ്റ് കേരളകോണ്‍ഗ്രസിന് ഉറപ്പാണെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി എന്‍.എം. രാജു പറഞ്ഞു. റാന്നിയില്‍  കേരളകോണ്‍ഗ്രസ് എം എത്തിയാല്‍ അഞ്ചുവട്ടം എം.എല്‍.എ ആയ രാജു എബ്രാഹാമിന് ഇക്കുറി സീറ്റുണ്ടാകില്ല.   



റാന്നി സീറ്റില്‍ കണ്ണുനട്ട് തദ്ദേശതിരഞ്ഞെടുപ്പു മുതല്‍ നിലമൊരുക്കിത്തുടങ്ങിയതാണ് കേരളാകോണ്‍ഗ്രസ് എം. പത്തനംതിട്ടയില്‍ ഒരുസീറ്റ് കേരളാകോണ്‍ഗ്രസിന് ഉറപ്പാണെന്ന് ജില്ലാപ്രസിഡന്റുപറയുമ്പോള്‍ അത് റാന്നി തന്നെയെന്നാണ് സൂചന.



ഇടതുമുന്നണിയില്‍ കേരളാ കോണ്‍ഗ്രസ് എം മല്‍സരിക്കാനെത്തിയാല്‍ റാന്നിയില്‍ രാജുഎബ്രാഹാം എം.എല്‍.എ ആറാമങ്കത്തിനെത്താനുള്ള സാധ്യത അടയും. ജില്ലയില്‍ സി.പി.എം രണ്ടുസീറ്റിലേയ്ക്ക് ചുരുങ്ങും. ജനതാ ദള്‍ മല്‍സരിക്കുന്ന തിരുവല്ല മറ്റാര്‍ക്കെങ്കിലും നല്‍കാനുള്ള സാധ്യത വിരളമാണ്. കോന്നിയിലും, ആറന്‍മുളയിലും സിറ്റിങ് എം.എല്‍.എമാരായ ജനീഷ്കുമാറിനോടും, വീണാജോര്‍ജിനോടും പ്രചാരണം ആരംഭിക്കാനുള്ള നിര്‍ദ്ദേശം സി.പി.എം നല്‍കിക്കഴിഞ്ഞു. അങ്ങനെയെങ്കില്‍ റാന്നി സീറ്റില്‍ കേരളാകോണ്‍ഗ്രസ് എം. ജില്ലാ പ്രസിഡന്റ് എന്‍.എം രാജു സ്ഥാനാര്‍ഥിയായെത്താനുള്ള സാധ്യതയാണുള്ളത്. റാന്നിപഞ്ചായത്തില്‍ ബി.ജെ.പി പിന്തുണയോടെ കേരളകോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി പ്രസിഡന്റായി ജയിച്ച തന്ത്രം വലിയ കോട്ടമില്ലാതെ നിയമസഭതിരഞ്ഞെടുപ്പിലും തുടര്‍ന്നേക്കും.
أحدث أقدم