ഈരാറ്റുപേട്ട: പനക്കപ്പാലം ആറാം മൈലില്‍ വീണ്ടും അപകടം. മീനച്ചിലാറ്റില്‍ വീഴാതെ കാര്‍ അത്‍ഭുതകരമായി രക്ഷപെട്ടു
രണ്ട് പേരുടെ ജീവനെടുത്ത അപകടത്തിന് പിന്നാലെ ഈരാറ്റുപേട്ട പനയ്ക്കപ്പാലത്ത് വീണ്ടും അപകടം. നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച ശേഷം മീനച്ചിലാറിന്റെ തീരത്തേയ്ക്ക് ഇടിച്ചിറങ്ങി. കാര്‍ ആറ്റില്‍ പതിയ്ക്കാതെ അത്ഭുതകരമായി രക്ഷപെട്ടു.
ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ടെത്തിയ കാര്‍ ബൈക്കില്‍ ഇടിച്ചുകയറി. ബൈക്ക് യാത്രക്കാരന്‍ വലിയ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും ബൈക്കിന്റ മുന്‍ഭാഗം തകര്‍ന്നു.
ബൈക്കിനെ ഇടിച്ചശേഷം റോഡ് സൈഡിലൂടെ താഴേയ്ക്ക് കുതിച്ച റിറ്റ്‌സ് കാര്‍ മീനച്ചിലാറിന്റെ തീരത്തെത്തിയാണ് നിന്നത്. അല്‍പംകൂടി നീങ്ങിയിരുന്നെങ്കില്‍ കാർ ആറ്റിലെ വെള്ളത്തിൽ പതിക്കുമായിരുന്നു.
കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ പിക്കപ് ജീപ്പിടിച്ച് രണ്ട് യുവാക്കള്‍ മരിച്ച അതേ സ്ഥലത്ത് തന്നെയാണ് വീണ്ടും അപകടം ഉണ്ടായത്. ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.