എന്‍സിപി പിളരുന്നു; മാണി സി കാപ്പന്‍ വിഭാഗം പുറത്തേക്ക്; ശശീന്ദ്രന്‍ വിഭാഗം എല്‍ഡിഎഫില്‍ തുടരും


എന്‍സിപി എംഎല്‍എ മാണി സി കാപ്പന്‍ മുന്നണി വിടും. കാപ്പന്‍ ഒറ്റക്കാണ് പാര്‍ട്ടി വിടുന്നതെന്നാണ് സൂചന. എന്‍സിപി ഇടത് മുന്നണിയില്‍ തന്നെ തുടര്‍ന്നേക്കും. മുന്നണി വിടാന്‍ ദേശീയ നേതൃത്വത്തിന് താല്‍പര്യമില്ലെന്നാണ് സൂചന. ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.

യുഡിഎഫ് പ്രവേശനത്തെ കുറിച്ച് മാണി സി കാപ്പന്‍ നേരത്തെ സൂചന നല്‍കിയിരുന്നു. എല്‍ഡിഎഫ് വിട്ട് യുഡിഎഫിന്റെ ഘടകകക്ഷിയാകുമെന്നായിരുന്നു കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ദേശീയ നേതൃത്വം കൂടെ നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ എന്‍സിപി ഇടതില്‍ തുടരുകയും കാപ്പന്‍ ഒറ്റക്ക് മുന്നണി വിടുമെന്നാണ് സൂചന.

‘പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളം യാത്ര പാലായില്‍ എത്തുന്നതിന് മുമ്പ് തീരുമാനമുണ്ടാവണമെന്ന് ദേശീയ നേതൃത്വത്തോട് പറഞ്ഞിട്ടുള്ളതെന്നും യുഡിഎഫിലേക്ക് പോവുകയല്ല. യുഡിഎഫിന്റെ ഘടകകക്ഷിയായി പോകുമെന്നുമാണ് മാണി സി കാപ്പന്‍ പറഞ്ഞത്.

അതേസമയം താന്‍ എല്‍ഡിഎഫില്‍ തന്നെ തുടരുമെന്നും കാപ്പന്‍ യുഡിഎഫിലേക്ക് പോകരുതെന്നും മന്ത്രി എകെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.

മുന്നണി മാറ്റത്തെക്കുറിച്ച് ഇന്ന് ദേശീയ നേതൃത്വത്തിന്റെ പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു മാണി സി കാപ്പനും എന്‍സിപി സംസ്ഥാനാധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്ററും കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞിരുന്നത്. എന്നാല്‍, എകെ ശശീന്ദ്രന്റെ കൂടി നിലപാട് അറിയണമെന്നാണ് നേതൃത്വം അവസാന നിമിഷം അറിയിച്ചത്. പാലാ സീറ്റ് നല്‍കിയില്ലെങ്കില്‍ മുന്നണി മാറ്റമെന്ന് കാപ്പനും പാലാ കിട്ടിയില്ലെങ്കിലും എല്‍ഡിഎഫില്‍ത്തന്നെയെന്ന് ശശീന്ദ്രനും കടുപ്പിച്ചതോടെയാണ് നേതൃത്വം ആശയക്കുഴപ്പത്തിലായത്.
Previous Post Next Post